നിതിൻ നവീൻ, ബിജെപി ദേശീയ അധ്യക്ഷന്‍

 
India

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

നിതിൻ നവീൻ ദേശീയ അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള സമഗ്ര അഴിച്ചുപണി

MV Desk

ന്യൂഡൽഹി: ദേശീയ തലത്തിൽ ബിജെപിയുടെ പുതിയ ഭാരവാഹികളെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. നിതിൻ നവീൻ ദേശീയ അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള സമഗ്ര അഴിച്ചുപണിയാണിത്. 2029 ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പുതിയ ടീമിനെയാകും പാർട്ടി നേതൃത്വം അവതരിപ്പിക്കുക. യുവ, വനിതാ നേതാക്കൾക്ക് നേതൃത്വത്തിൽ മികച്ച പരിഗണന ലഭിച്ചേക്കും. ഇതോടൊപ്പം പരിചയസമ്പന്നരായ മുതിർന്ന നേതാക്കളും മുതിർന്ന മന്ത്രിമാരും ഉണ്ടാകും. നേതൃതല പുനഃസംഘടനയ്ക്കു ശേഷം മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടായേക്കും.

വൈസ് പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ദേശീയ വക്താക്കൾ, വിവിധ പോഷക സംഘടനാ തലവന്മാർ തുടങ്ങിയവരടക്കമുള്ള ഭാരവാഹികളെയാകും ആദ്യം പ്രഖ്യാപിക്കുക. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ യുവാക്കളെ ആകർഷിക്കാൻ കഴിയുന്നവർ നേതൃത്വത്തിലുണ്ടാകും. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അധ്യക്ഷനാണ് നാൽപ്പത്താറുകാരൻ നിതിൻ നവീൻ.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനകാലത്തു തന്നെ പുനഃസംഘടനാ സൂചനകൾ ശക്തമായിരുന്നു. പ്രതിപക്ഷം തുടർച്ചയായി സഭ സ്തംഭിപ്പിക്കുമ്പോൾ പാർലമെന്‍റിൽ പാർട്ടിയുടെ പുനഃസംഘടന സംബന്ധിച്ചുള്ള ഉന്നതതല ചർച്ചകളിലും ആലോചനകളിലുമായിരുന്നു മുൻ അധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

രാജ്യസഭാ തെരഞ്ഞെടുപ്പുകൾക്കുശേഷം പുനഃസംഘടനയുണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, നീറ്റ് ചോദ്യച്ചോർച്ചയ്ക്കെതിരായ സമരം രാജ്യവ്യാപകമായതോടെ ഇതു മാറ്റിവയ്ക്കുകയായിരുന്നു.

മൂന്നു പതിറ്റാണ്ടായി പാർട്ടിയുടെ ഉറച്ച കോട്ടയായിരുന്ന ബിഹാറിലെ ബങ്കിപ്പുരിൽ ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു പിന്നാലെയാണു പുനഃസംഘടന. ദേശീയ അധ്യക്ഷൻ നിതിൻ നവീൻ രാജ്യസഭാംഗമായതിനെത്തുടർന്ന് ബിഹാർ നിയമസഭയിൽ നിന്നു രാജിവച്ചപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിലാണു തിരിച്ചടിയെന്നത് പാർട്ടിയെ ഞെട്ടിച്ചിരുന്നു. ഇക്കാര്യങ്ങളും പുനഃസംഘടനയിൽ പരിഗണിക്കും. അടുത്തവർഷം നടക്കാനിരിക്കുന്ന യുപി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി മുന്നിൽക്കണ്ടാകും അഴിച്ചുപണി.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്

നടി അനന്യ രാജ് മരിച്ചുവെന്ന് കുടുംബം; സ്ഥിരീകരിച്ചത് ഒരു മാസത്തിനു ശേഷം