ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവച്ചുകൊന്നു
മാൽഡ: പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിൽ ബിജെപി പ്രവർത്തകനെ അജ്ഞാതസംഘം വെടിവച്ച് കൊലപ്പെടുത്തി. സമീർ ഘോഷ് (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് ഇംഗ്ലീഷ് ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാംകേലി മേഖലയിൽ ആണ് സംഭവം.
ആദ്യം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചശേഷം രണ്ട് തവണ വെടിവച്ചാണ് കൊലപ്പെടുത്തിയത്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയോട് അനുഭാവമുള്ളവരാണ് സമീർ ഘോഷിനെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ ആറ് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. പരുക്കേറ്റവരെ മാൽഡ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് വ്യക്തമാക്കി.