അമിതാഭ് ബച്ചൻ

 
India

അമിതാഭ് ബച്ചന്‍റെ വസതിക്ക് നേരെ ബോംബ് ഭീഷണി; അന്വേഷണമാരംഭിച്ചു

ഇത് കൂടാതെ ബോംബെ ഹൈക്കോടതി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ ലക്ഷ‍്യമിട്ടും ഇമെയിൽ മുഖേന ബോംബ് ഭീഷണി എത്തിയിട്ടുണ്ട്

Aswin AM

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ വസതിക്കു നേരെ ബോംബ് ഭീഷണി. അദ്ദേഹത്തിന്‍റെ മുംബൈയിലെ വസതിയായ 'ജൽസ'യ്ക്കു നേരെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇത് കൂടാതെ ബോംബെ ഹൈക്കോടതി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ ലക്ഷ‍്യമിട്ടും ഇമെയിൽ മുഖേന ബോംബ് ഭീഷണി എത്തിയിട്ടുണ്ട്.

ഇതേത്തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. സന്ദേശം അയച്ചയാളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. സുരക്ഷാ ഏജൻസികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അമിതാഭ് ബച്ചനെ ലക്ഷ‍്യമിട്ടുള്ള രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്. നേരത്തെ ഒക്റ്റോബർ 22ന് നഗരത്തിലെ ഒരു സ്കൂളിലേക്ക് വന്ന ഭീഷണി സന്ദേശത്തിൽ നടന്‍റെ പേര് പരാമർശിച്ചിരുന്നു. എന്നാൽ അന്ന് അമിതാഭ് ബച്ചന് നേരിട്ട് ഭീഷണിയൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ‍്യക്തമാക്കിയിരുന്നു. അടുത്തിടെ വീടിനു മുന്നിൽ ആരാധകരെ കാണാൻ അമിതാഭ് ബച്ചന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സുരക്ഷയൊരുക്കിയിരുന്നു.

അതേസമയം, നടൻ‌ ടൈഗർ ഷ്രോഫിനെതിരേ വധശ്രമമുണ്ടായതിനു പിന്നാലെ ബോളിവുഡ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ‍്യപ്പെട്ട് ഓൾ ഇന്ത‍്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയിച്ചിരുന്നു. സിനിമാമേഖലയിലുള്ളവരെ ലക്ഷ‍്യമിട്ട് പ്രവൃത്തിക്കുന്ന ക്രൈം നെറ്റ്‌വർക്കിനെ പറ്റി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ‍്യം.