കോൽക്കത്ത വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി, വിമാന സർവീസുകൾക്ക് തടസമില്ല

 
India

കോൽക്കത്ത വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി, വിമാന സർവീസുകൾക്ക് തടസമില്ല

ഇതേത്തുടർന്ന് സംഭവസ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാളിലെ കോൽക്കത്തയിലുള്ള നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ‍്യു പേപ്പറിലെഴുതിയ ഭീഷണിക്കത്ത് വിമാനത്താവളത്തിലെ വനിതാ ടോയ്‌ലെറ്റിൽ നിന്നും കണ്ടെത്തി. ഇതേത്തുടർന്ന് സംഭവസ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.

ബോർഡിംഗ് ഗേറ്റ് നമ്പർ 30ൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുന്ന ഭീഷണിക്കത്ത് വനിതാ ടോയ്‌ലെറ്റിൽ നിന്നും ശുചീകരണ തൊഴിലാളികളാണ് ആദ‍്യം കണ്ടെത്തിയത്. അവർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ബോംബ് സ്ക്വാഡും സിഐഎസ്എഫ് ഉദ‍്യോഗസ്ഥരും വിമാനത്താവളത്തിലുടനീളം പരിശോധന നടത്തിയതോടെ ബോർഡിംഗ് ഗേറ്റിന് ചുറ്റുമുള്ള പ്രദേശം ഒഴിപ്പിച്ചു. ശുചീകരണ തൊഴിലാളിയെ പൊലീസ് ചോദ‍്യം ചെയ്തുവരുകയാണ്.

കൂടാതെ കത്ത് ആരാണ് ശൗചാലയത്തിൽ വച്ചതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ‍്യങ്ങളും പരിശോധിച്ചുവരുകയാണ് പൊലീസ്. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടില്ലെന്ന് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. നേരത്തെ ഒക്റ്റോബർ 8നും സമാന രീതിയിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഉണ്ടായിരിക്കുന്നത്.