ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ തീർഥാടകരുടെ ബസ് 15 അടി താഴ്ചയിലുള്ള ഓടയിൽ വീണു, എട്ട് മരണം
കോട്ട: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർ മരിച്ചു. 17 പേർക്ക് പരുക്കേറ്റു. രാജസ്ഥാനിലെ കോട്ടയിൽ ശനിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് രാജസ്ഥാനിലെ ഖാതു ശ്യാം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കുട്ടികൾ ഉൾപ്പെടെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എക്സ്പ്രസ് വേയിലെ ഫില്ലർ നമ്പർ 384-ന് സമീപം വെച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് റോഡിൽ നിന്ന് മാറി 15 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്.
ഓടയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്നത് രക്ഷാപ്രവർത്തനത്തിന് തടയമായി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ബസ് പുറത്തെടുക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ 17 പേരെ സമീപത്തെ രണ്ട് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. മരിച്ച എട്ടു പേരിൽ നാലുപേരും സ്ത്രീകളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.