ഉത്തരാഖണ്ഡിൽ അപകടത്തിൽപ്പെട്ട ബസ്
ഡെറാഢൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ഗഡ്വാൾ ജില്ലയിൽ ബസ് 328 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെ ഗുലാർ ബസാറിന് സമീപമായിരുന്നു സംഭവം.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഗുലാർ പാലത്തിന് സമീപത്ത് വച്ച് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഏഴ് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾ പിന്നീട് മരിച്ചു.
വിവരമറിഞ്ഞ് സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്) സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദുർഘടമായ ഭൂപ്രകൃതി കാരണം ഏറെ ബുദ്ധിമുട്ടിയായിരുന്നു രക്ഷാപ്രവർത്തനം. സ്ട്രെച്ചറുകളിൽ കൊക്കയിൽ നിന്ന് പുറത്തെത്തിച്ച മൃതദേഹങ്ങൾ തുടർന്ന് ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി.
തെഹ്രി ഗഡ്വാൾ ജില്ലാ മജിസ്ട്രേറ്റ് നിതിക ഖണ്ടേൽവാൾ, സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ശ്വേത ചൗബെ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.