നിതിൻ
ജയ്പുർ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഹരിയാന സ്വദേശിയെ വിവാഹം ചെയ്യാനായി ക്യാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയ സ്ത്രീക്ക് നിരാശ. മുൻപ് വിവാഹത്തിന് സമ്മതിച്ചിരുന്ന യുവാവ് സ്ത്രീയുടെ പ്രായം അറിഞ്ഞതോടെ വിവാഹത്തിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് സ്ത്രീ കനേഡിയൻ എംബസിയെ സമീപിച്ചതോടെ പൊലീസ് ഇടപെട്ടിരിക്കുകയാണിപ്പോൾ.
രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോർ ജില്ലയിലെ നീമ്രാനയിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപകനായ ഹരിയാനയിലെ പാനിപ്പത്ത് സ്വദേശി നിതിൻ എന്ന യുവാവിനെ വിവാഹം കഴിക്കാനാണ് കനേഡിയൻ സ്ത്രീ എത്തിയത്. ഒരു വർഷം മുൻപാണ് ഇരുവരും ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടത്.
തുടർന്ന് സൗഹൃദം പ്രണയമായി വളരുകയും വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയിൽ നവംബർ 11ന് സ്ത്രീ ഡൽഹിയിലെത്തി. വിമാനത്താവളത്തിലെത്തിയ നിതിൻ സ്ത്രീയെ സ്വീകരിക്കുകയും തുടർന്ന് നീമ്രാനയിലെ അമ്മാവന്റെയും അമ്മായിയുടെയും ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
രണ്ട് ദിവസത്തോളം ഇരുവരും അവിടെ താമസിച്ചു. ഇതിനിടെ വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകളും മുന്നോട്ടുപോയി. എന്നാൽ സ്ത്രീക്ക് ഏകദേശം 61 വയസുണ്ടെന്ന കാര്യം അറിഞ്ഞതോടെ നിതിൻ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് നവംബർ 13ന് സ്ത്രീ കനേഡിയൻ എംബസിയെ ബന്ധപ്പെട്ട് സംഭവത്തെക്കുറിച്ച് അറിയിച്ചു. എംബസിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നീമ്രാന പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
നിതിനെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. അതേസമയം, കനേഡിയൻ സ്ത്രീയെ കോട്പുത്ലിയിലെ കോർ സെന്ററിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.