കർണാടക ബന്ദിന് സമ്മിശ്ര പ്രതികരണം
ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദിന് സമ്മിശ്ര പ്രതികരണം. കന്നഡ അനുകൂലവാദിയായ വട്ടാൽ നാഗരാജിന്‍റെ നേതൃത്വത്തിലുള്ള ഫെഡറേഷൻ ഓഫ് കന്നഡ ഓർഗനൈസേഷൻസാണ് വ്യാഴാഴ്ച ബന്ദിന് ആഹ്വാനം ചെയ്തത്.
തെക്കൻ കർണാടകത്തിലെ കാർഷിക മേഖലയായ മാണ്ഡ്യയിൽ ബന്ദ് ശക്തമായി പുരോഗമിക്കുകയാണ്. പലയിടങ്ങളിലും പ്രതിഷേധക്കാരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഒഴിഞ്ഞ കുടങ്ങളുമായി എത്തിയ പ്രതിഷേധക്കാർ ബെംഗളൂരു-മൈസൂരു പാത ഹൈവേ ഉപരോധിച്ചു. അതേസമയം ബെംഗളൂരു, മൈസൂരു പോലുള്ള നഗരപ്രദേശങ്ങളിൽ ബന്ദ് ബാധിച്ചില്ല. സ്കൂളുകളും കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ബസ് സർവീസുകളും പതിവുപോലെയാണ്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തെയും ബന്ദ് ബാധിച്ചില്ല. മുൻകരുതലിന്‍റെ ഭാഗമായി ബെംഗളൂരു സിറ്റിയിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
തമിഴ്നാടിന് പ്രതിദിനം 12,000 ക്യൂസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കന്നഡ അനുകൂല സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്‍റെ കുടിവെള്ള-കാർഷിക ആവശ്യങ്ങൾ കണക്കിലെടുത്ത് ഇനി വെള്ളം വിട്ടുകൊടുക്കരുതെന്ന് പ്രതിഷേധക്കാർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ നിരവധി സംഘടനകൾ തുടക്കത്തിൽ ബന്ദിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ധാർമിക പിന്തുണ മാത്രമേ നൽകുന്നുള്ളൂവെന്ന് അറിയിക്കുകയായിരുന്നു.