ദുബായ്-ഇസ്രയേൽ വിമാനം അടിയന്തരമായി സൗദിയിൽ ഇറക്കി

 
India

പൈലറ്റുമാർ തമ്മിൽ വഴക്ക്? ദുബായ്-ഇസ്രയേൽ വിമാനം അടിയന്തരമായി സൗദിയിൽ ഇറക്കി

ഏതു സാഹചര്യത്തിലാണ് വിമാനം ഇറക്കിയതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

നീതു ചന്ദ്രൻ

ടെൽ അവൈവ്: ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് യാത്രക്കാരുമായി പോയ വിമാനം അടിയന്തരമായി സൗദി അറേബ്യയിൽ ഇറക്കി. ഏതു സാഹചര്യത്തിലാണ് വിമാനം ഇറക്കിയതെന്ന് വ്യക്തമല്ല. യാത്രക്കാർ സുരക്ഷിതരാണ്. ഫ്ലൈദുബായ് വിമാനമാണ് അസാധാരണ സാഹചര്യത്തിൽ സൗദിയിലെ സിവിലിയൻ മിലിറ്ററി ബേസ് ആയ താബൂക്കിൽ ഇറക്കിയിരിക്കുന്നത്.

കോക്പിറ്റിൽ വച്ച് രണ്ട് പൈലറ്റുമാർ തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് ഒരാൾ അടിയന്തരമായി താഴെയിറങ്ങാൻ അനുമതി നൽകണമെന്നുള്ള അലർട്ട് നൽകിയെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഒരു പൈലറ്റ് വിമാനത്തെ അപകടത്തിലാക്കാൻ ശ്രമിച്ചുവെന്നും സഹ പൈലറ്റും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായ മറ്റു പൈലറ്റുമാരും ചേർന്ന് വലിയ അപകടം ഒഴിവാക്കുകയായിരുന്നുവെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോക്പിറ്റിൽ നിന്ന് ബഹളം കേട്ടെന്നും രക്തം പുരണ്ട രീതിയിൽ പൈലറ്റിനെ കണ്ടെന്നും യാത്രക്കാർ പറയുന്നു. പൈലറ്റുമാരിൽ ഒരാൾ ജീവനൊടുക്കാൻ ശ്രമിച്ചപ്പോഴാണ് അടിയന്തരമായി ലാൻഡിങ് നടത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്.

വിമാനം റാഞ്ചാൻ ഉള്ള സാധ്യത മുൻനിർത്തിയാണ് അപ്രതീക്ഷിത ലാൻഡിങ് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അലർട്ട് വന്നതിനെത്തുടർന്ന് ഇസ്രയേൽ ആകാശത്ത് പോർവിമാനങ്ങൾ സജ്ജമാക്കിയിരുന്നു. യാത്രക്കാരെല്ലാം വിമാനത്തിൽ തന്നെ തുടരുകയാണ്. ദുബായിൽ നിന്ന് വിമാനം പറന്നുയർന്ന് രണ്ടര മണിക്കൂറിനു ശേഷമാണ് അപ്രതീക്ഷിത ലാൻഡിങ്.