ദലൈലാമ
ന‍്യൂഡൽഹി: ടിബറ്റൻ ആത്മീയ ഗുരു ദലൈലാമയ്ക്ക് കേന്ദ്ര സർക്കാർ ഇന്ത‍്യയിൽ ബംഗ്ലാവ് അനുവദിച്ചു. ലുട്ട‍്യൻസ് ഡൽഹിയിലാണ് ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്. എന്നാലിത് സംബന്ധിച്ച് ഔദ‍്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പണ്ഡിറ്റ് രവിശങ്കർ ശുക്ല ലെയ്നിലെ 20ാം നമ്പർ ബംഗ്ലാവ് അദ്ദേഹത്തിന് അനുവദിച്ചതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ബംഗ്ലാവിന്‍റെ പ്രവേശന കവാടത്തിനു മുന്നിൽ ഗാഡൻ ഫോഡ്രാങ് എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ദലൈലാമയുടെ ഔദ‍്യോഗിക കാര‍്യാലയമാണ് ഗാഡൻ ഫോഡ്രാങ്. ഗാഡൻ ഫോഡ്രാങ് ഒരു സ്വകാര‍്യ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിരുന്നു.
ദലൈലാമയുടെ ആത്മീയ പ്രവർത്തനങ്ങളെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും അദ്ദേഹത്തിന്‍റെ മാനുഷിക കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് ഈ ട്രസ്റ്റ് പ്രവൃത്തിക്കുന്നതെന്നാണ് ഗാഡൻ ഫോഡ്രാങ്ങിന്‍റെ വെബ്സൈറ്റിൽ നിന്നും വ‍്യക്തമാകുന്നത്.