കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

 
India

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ നിർദേശമില്ലെന്ന് കേന്ദ്രം

കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം

Sarath Nath MS

ന്യൂഡൽഹി: പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കുന്നതിനായി നിലവിൽ കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ യാതൊരു നിർദേശവുമില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നത് സർക്കാരിന്‍റെ ഖജനാവിന് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നിലപാടെന്നും അദ്ദേഹം തിങ്കളാഴ്ച വ്യക്തമാക്കി.

രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) നിന്ന് പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാനുള്ള തീരുമാനം കേന്ദ്ര സർക്കാരിനെയും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റിയെയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.

സംസ്ഥാനങ്ങളിൽ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നത് പൂർണമായും സംസ്ഥാനങ്ങളുടെ നയപരമായ തീരുമാനമാണ്. എന്നാൽ, സംസ്ഥാനങ്ങൾ പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങുന്നതിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) അടുത്തിടെ പുറത്തുവിട്ട സംസ്ഥാന ധനകാര്യ ഓഡിറ്റ് റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ ജീവനക്കാരിൽ (സായുധ സേന ഒഴികെ) 2004 ജനുവരി ഒന്നിനോ അതിന് ശേഷമോ സർവീസിൽ പ്രവേശിച്ചവർക്കാണ് ദേശീയ പെൻഷൻ പദ്ധതി നടപ്പാക്കിയത്. ഇത്തരത്തിലുള്ള ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മുൻ ധനകാര്യ സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു.

വിവിധ വിഭാഗങ്ങളുമായി സമിതി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ എൻപിഎസ് പരിഷ്കരിക്കുന്നതിനായി നിർദേശങ്ങൾ മുന്നോട്ടുവച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ എൻപിഎസിന് കീഴിൽ ഒരു ഓപ്ഷനായി ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) 2025 ഏപ്രിൽ ഒന്നുമുതൽ നിലവിൽ വന്നതായി മന്ത്രി പറഞ്ഞു. എൻപിഎസിന് കീഴിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വിരമിച്ചതിന് ശേഷം പ്രതിമാസം കുറഞ്ഞത് 10,000 രൂപയുടെ പെൻഷൻ ലഭ്യമാക്കുകയാണ് യുപിഎസിന്‍റെ ലക്ഷ്യം.

നീറ്റ് ചോദ്യപേപ്പർ ചോർച്ച: നുണപരിശോധനയ്ക്ക് അനുമതി തേടിയ മൂന്ന് പ്രതികളുടെ ഹർജി തള്ളി

ഓഫിസിൽ ഒറ്റപ്പെടൽ; എലിവിഷം കഴിച്ച കലക്റ്ററേറ്റ് ജീവനക്കാരി മരിച്ചു

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിന് ജാമ്യം

അഞ്ച് മയിലുകളെ യുഎന്നിന് സമ്മാനിച്ച് ഇന്ത്യ; അരിയാന ഉദ്യാനത്തിൽ വളർത്തും