മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ, മൂത്തമകൾ മേധ രൂപം ഐഎഎസ്
ന്യൂഡൽഹി: വിവാദത്തിലായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ കുടുംബത്തിലെ നിരവധി പേർ ഉന്നത സിവിൽ സർവീസ് പദവികളിൽ. ജ്ഞാനേഷ് കുമാറിന്‍റെ മക്കളും മരുമക്കളും ഉൾപ്പെടെ കുടുംബത്തിലെ നിരവധി പേർ ഐഎഎസ്, ഐപിഎസ്, ഐആർഎസ് ഉദ്യോഗസ്ഥരാണ്.
1988 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ജ്ഞാനേഷ് കുമാർ 2024ലാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്. പിന്നീട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി. ഐഐടി കാൺപൂരിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിടെക് പൂർത്തിയാക്കിയ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് ഫിനാഷ്യൽ അനലിസ്റ്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് ബിസിനസ് ഫിനാൻസും ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്‍റിൽ നിന്ന് എൻവയൺമെന്‍റൽ ഇക്കണോമിക്സും പഠിച്ചു.
കേന്ദ്ര സർക്കാരിൽ പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്‍റ് സെക്രട്ടറിയായും ആഭ്യന്തര മന്ത്രാലയത്തിൽ ജോയിന്‍റ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. പാർലമെന്‍ററി കാര്യ മന്ത്രാലയത്തിലും സഹകരണ മന്ത്രാലയത്തിലും സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2024 ജനുവരി 31ന് വിരമിച്ച ജ്ഞാനേഷ് കുമാറിനെ മാർച്ച് 15നാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്.
മൂത്ത മകൾ ഐഎഎസ് ഉദ്യോഗസ്ഥ
ജ്ഞാനേഷ് കുമാറിന്‍റെ മൂത്ത മകൾ മേധ രൂപം നിലവിൽ നോയിഡ ജില്ലാ മജിസ്‌ട്രേറ്റാണ്. ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുള്ള മേധ പിന്നീട് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ഇതിനൊപ്പം യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും നടത്തി. 2013ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ പത്താം റാങ്ക് നേടിയ മേധ രൂപം ഐഎഎസിൽ പ്രവേശിച്ചു. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് നോയിഡ ജില്ലാ മജിസ്‌ട്രേറ്റായി നിയമിതയായത്. അടുത്തിടെ അലഹബാദ് ഹൈക്കോടതി ഒരു കേസിൽ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചതിനെ തുടർന്നും മേധ രൂപം വാർത്തകളിൽ ഇടം നേടിയിരുന്നു.
ഇളയ മകൾ ഐആർഎസ് ഉദ്യോഗസ്ഥ
ജ്ഞാനേഷ് കുമാറിന്‍റെ ഇളയ മകൾ അഭിശ്രീയും സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്. ഡൽഹിയിലെ സെന്‍റ് സ്റ്റീഫൻസ് കോളെജിൽ നിന്ന് ബിരുദം നേടിയ അവർ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ 297ാം റാങ്കോടെ വിജയിച്ച് ഇന്ത്യൻ റവന്യൂ സർവീസിൽ (ഐആർഎസ്) പ്രവേശിച്ചു. നിലവിൽ ആദായനികുതി വകുപ്പിൽ അസിസ്റ്റന്‍റ് കമ്മിഷണറായി സേവനമനുഷ്ഠിക്കുകയാണ് അഭിശ്രീ.
മരുമക്കൾ ഐഎഎസ് ഉദ്യോഗസ്ഥർ
ജ്ഞാനേഷ് കുമാറിന്‍റെ മൂത്ത മരുമകൻ മനീഷ് ബൻസാൽ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ ആഗ്ര ജില്ലാ മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിക്കുന്നു. 2014 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ബൻസാൽ ഐഐടി ഡൽഹിയിൽ നിന്ന് ബിടെക്കും എംടെക്കും നേടി. യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ 53ാം റാങ്ക് നേടിയ ശേഷമാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്.
സമാനമായി ഇളയ മരുമകൻ അക്ഷയ് ലബ്രൂവും ഐഎഎസ് ഉദ്യോഗസ്ഥനാണ്. അഭിശ്രീയും ലബ്രൂവും ഒരേ ബാച്ചുകാരായിരുന്നു. പരിശീലന കാലത്താണ് ഇരുവരും പരിചയപ്പെട്ടത്. 2020ൽ വിവാഹിതരായി. ജമ്മു കശ്മീർ സ്വദേശിയായ ലബ്രൂ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2017ൽ ആദ്യ ശ്രമത്തിൽ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ വിജയിച്ചു.
മറ്റ് കുടുംബാംഗങ്ങളും ഉന്നത സർക്കാർ പദവികളിൽ
ജ്ഞാനേഷ് കുമാറിന്‍റെ സഹോദരൻ മനീഷ് കുമാർ ഐആർഎസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്‍റെ ഭാര്യാസഹോദരൻ ഉപേന്ദ്ര ജെയിൻ 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.