മഹുവ മൊയ്ത്ര
ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളുടെ ഭാഗമായി ജില്ല സന്ദർശിക്കുമ്പോൾ ഒരു ദിവസം മുൻപ് ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയോട് സുപ്രീം കോടതി. പ്രോട്ടോക്കോൾ അനുസരിച്ച് താമസസൗകര്യം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനാണ് നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്.
സന്ദർശനത്തിന് മൂന്നോ നാലോ ദിവസം മുൻപ് എംപിമാരും എംഎൽഎമാരും അറിയിപ്പ് നൽകണമെന്നാവശ്യപ്പെട്ട് നാദിയ ജില്ലാ ഭരണകൂടം സെപ്റ്റംബർ ഒന്നിന് പുറത്തിറക്കിയ സർക്കുലറിനെ ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സർക്കുലർ മഹുവയെ ലക്ഷ്യമിട്ടുള്ളതാണെന്ന് അവരുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. സർക്കുലർ നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ഇത്തരം വിഷയങ്ങൾ കോടതിയിലെത്തേണ്ടതല്ലെന്നും ഇതിന് ലളിതമായ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) മതിയെന്നും ബെഞ്ച് നിരീക്ഷിച്ചു. എംപിയുടെ ഓഫിസ് സന്ദർശനത്തിന് ഒരു ദിവസം മുൻപ് ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. സർക്യൂട്ട് ഹൗസിലെ മുറികൾ പ്രോട്ടോക്കോൾ അനുസരിച്ച് അനുവദിക്കണമെന്ന ആവശ്യത്തിൽ, ലഭ്യത കൂടി പരിഗണിക്കണമെന്ന് മേത്ത വാദിച്ചു.
ഓഗസ്റ്റിൽ നാദിയയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സർക്യൂട്ട് ഹൗസിൽ മുറി അനുവദിച്ചിട്ടും ജില്ലാ ഭരണകൂടം തന്നെ ഒഴിപ്പിച്ചെന്ന് മഹുവ ഹർജിയിൽ ആരോപിച്ചിരുന്നു. ഓഗസ്റ്റ് 14ന് രാത്രി താൻ മുറി ഒഴിയാൻ വിസമ്മതിച്ചതിനെ തുടർന്ന് വലിയൊരു സംഘം സർക്യൂട്ട് ഹൗസിന് പുറത്ത് തടിച്ചുകൂടി 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങൾ വിളിച്ചെന്നും അവർ സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും കത്തയച്ചിരുന്നു. എന്നാൽ, മഹുവയോട് മുറി ഒഴിയാൻ ഒരു ഉദ്യോഗസ്ഥനും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർക്ക് എല്ലാ പരിഗണനകളും നൽകിയെന്നും സംസ്ഥാന സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി.