ഗ്രാമീണ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്താൻ പ്രചാരണവുമായി സിജെപി

 
India

ഗ്രാമീണ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്താൻ രാജ്യവ്യാപക പ്രചാരണം പ്രഖ്യാപിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ

ഓഗസ്റ്റ് 15ന് മഹാരാഷ്ട്രയിലെ തന്‍റെ ഗ്രാമമായ ഹിംഗോളിയിൽ നിന്ന് ഗ്രാമമുഖ്യനെ സമീപിച്ച് കൊണ്ടായിരിക്കും പ്രചാരണത്തിന് തുടക്കം കുറിക്കുകയെന്ന് അഭിജീത് ദിപ്കെ പറഞ്ഞു

Sarath Nath MS

ന്യൂഡൽഹി: ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി രാജ്യവ്യാപക പ്രചാരണം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾ സോഷ്യൽ ഓഡിറ്റ് നടത്തണമെന്നും ഗ്രാമമുഖ്യന്മാർ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്താൻ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 15ന് പ്രചാരണം ആരംഭിക്കും. ഗ്രാമീണ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ അവഗണന പരിഹരിക്കുന്നതിന് പൗരന്മാരും രക്ഷിതാക്കളും ഗ്രാമനേതാക്കളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ തന്‍റെ ഗ്രാമമായ ഹിംഗോളിയിൽ നിന്ന് ഗ്രാമമുഖ്യനെ സമീപിച്ച് സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും താൻ പ്രചാരണത്തിന് തുടക്കം കുറിക്കുകയെന്ന് ദിപ്കെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

രാജ്യത്തിന്‍റെ 80-ാം സ്വാതന്ത്ര്യദിനമാണ് ഈ വരുന്ന ഓഗസ്റ്റ് 15. എന്നാൽ കഴിഞ്ഞ 80 വർഷത്തിനിടെ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടത് ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളാണെന്ന് ദിപ്കെ പറഞ്ഞു. പുതിയ പാർലമെന്‍റ് മന്ദിരവും പ്രധാനമന്ത്രിയുടെ പുതിയ വസതിയും നിർമിച്ചിട്ടും ഗ്രാമങ്ങളിലെ പുതിയ സ്കൂളുകൾ നിർമിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും കർഷകരുടെയും തൊഴിലാളികളുടെയും മക്കളെ രാജ്യത്തിന്‍റെ ഭാവിയായി കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഗ്രാമങ്ങളിലെ കുട്ടികൾ ഇപ്പോഴും സ്കൂളിലെത്താൻ ദീർഘദൂരം നടക്കേണ്ടിവരുന്നുവെന്നും പല സ്കൂളുകളിലും കുടിവെള്ളവും ശൗചാലയവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്നും ദിപ്കെ ചൂണ്ടിക്കാട്ടി. പെൺകുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകളും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

ഈ സ്വാതന്ത്ര്യദിനത്തിൽ ശ്രദ്ധിക്കേണ്ടതും പുതിയ തുടക്കം കുറിക്കേണ്ടതുമായ പ്രധാന മേഖലയായി സർക്കാർ സ്കൂളുകളുടെ മെച്ചപ്പെടുത്തലിനെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രചാരണത്തിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാ ഗ്രാമമുഖ്യന്മാരോടും സ്വന്തം ഗ്രാമത്തിലെ സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്താൻ സിജെപി ആവശ്യപ്പെട്ടു. ഹിംഗോളിയിലെ ഗ്രാമമുഖ്യനെ താൻ നേരിട്ട് സമീപിക്കുമെന്നും മറ്റ് ഗ്രാമമുഖ്യന്മാരും ഈ ദൗത്യം ഏറ്റെടുക്കണമെന്നും ദിപ്കെ അഭ്യർഥിച്ചു.

‘സർപഞ്ച് ചലഞ്ച്’ എന്ന പേരിൽ നടത്തുന്ന പദ്ധതിയിൽ സ്കൂളുകൾ മെച്ചപ്പെടുത്തിയ ഗ്രാമമുഖ്യന്മാരെ അവരുടെ പ്രവർത്തനങ്ങൾക്ക് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച് പൊതുവായി അംഗീകരിക്കുമെന്ന് സിജെപി അറിയിച്ചു.

സ്കൂളുകളിൽ ലഭ്യമായതും ലഭ്യമല്ലാത്തതുമായ സൗകര്യങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന പ്രിന്‍റ് ചെയ്യാവുന്ന ഓഡിറ്റ് ഫോം ഉടൻ പുറത്തിറക്കുമെന്നും സിജെപി അറിയിച്ചു. പ്രചാരണത്തിന്‍റെ വീഡിയോയ്‌ക്കൊപ്പമുള്ള ലിങ്ക് വഴി ഫോം ലഭ്യമാക്കും. പൂരിപ്പിച്ച ഫോമുകളും വീഡിയോ തെളിവുകളും സിജെപിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചു

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി

ഝാർഖണ്ഡിലായാലും ജന്തർ മന്തറിലായാലും വിദ‍്യാർഥികൾക്കെതിരായ ക്രൂരമായ പൊലീസ് നടപടി അംഗീകരിക്കാനാകില്ല; പിന്തുണയുമായി സിജെപി

ജപ്പാനിൽ നിന്ന് സുഭാഷ് ചന്ദ്രബോസിന്‍റെ ചിതാഭസ്മം തിരികെ എത്തിക്കണം; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

സർക്കാർ ജോലി വേണോ, ഇപ്പോ ശരിയാക്കിത്തരാം; അബ്‌ദുൾ റൗഫിന്‍റെ വാക്കു കേട്ടവരെല്ലാം പെട്ടു, നഷ്ടമായത് 50,000 രൂപ വരെ