അഭിജീത് ദിപ്കെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ട് സിജെപി നേതാവ് അഭിജീത് ദിപ്കെ. മൂന്നാവശ്യങ്ങളാണ് ദിപ്കെ എക്സിലൂടെ മുന്നോട്ടു വച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് ജ്ഞാനേഷ് കുമാറിനെതിരേ ക്രിമിനൽ നടപടികൾ സ്വീകരിക്കണം. ആരാണ് അദ്ദേഹത്തിന് ഇങ്ങനെ പ്രവർത്തിക്കാൻ ഉത്തരവ് നൽകിയതെന്ന ചോദ്യത്തിന് ഉത്തരം നൽകണം.
വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും നിർത്തി വയ്ക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. എസ്ഐആർ മരവിപ്പിക്കണം. 2025 ജനുവരിയിലെ വോട്ടർ പട്ടിക തിരിച്ചു കൊണ്ടു വരണം. എസ്ഐആർ തീരുമാനിച്ചതുമായി ബന്ധപ്പെട്ട എല്ലാ നടപടികളെയും കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണം. എസ്ഐആറുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സുപ്രീം കോടതി സ്വന്തം കസ്റ്റഡിയിൽ എടുക്കണമെന്നും രേഖകൾ നശിപ്പിക്കപ്പെടുകയോ, മാറ്റം വരുത്തപ്പെടുകയോ കാണാതാവുകയോ ഇല്ലെന്ന് ഉറപ്പു വരുത്തുക.
തെരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതിനായി നടപ്പിലാക്കിയ 2023ലെ നിയമം പിൻവലിക്കുക. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പൊതുജന വിശ്വാസമുറപ്പാക്കുന്ന പുതിയ നിയമം നടപ്പാക്കുക എന്നിവയാണ് സിജെപി മുന്നോട്ടു വച്ചിരിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ ജ്ഞാനേഷ് കുമാർ രാജി വച്ചില്ലെങ്കിൽ രാജ്യ വ്യാപക പ്രക്ഷോഭം നടത്തുമെന്നാണ് സിജെപി വ്യക്തമാക്കിയിരിക്കുന്നത്.