അശുതോഷ് റങ്ക
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സർക്കാർ സ്കൂൾ സന്ദർശിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘത്തിന് നേരെ ആക്രമണം. ജയ്പൂരിലെ റാംപുര കൻവാർപുര ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ സന്ദർശിക്കാനെത്തിയ സംഘത്തെയാണ് ഒരു വിഭാഗം ആളുകൾ തടഞ്ഞത്. സംഘത്തിന് നേതൃത്വം നൽകിയ സിജെപി സഹകൺവീനർ അശുതോഷ് റങ്കയ്ക്ക് മർദനമേറ്റു.
സിജെപിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാംപയിന്‍റെ ഭാഗമായാണ് സംഘം സ്കൂൾ സന്ദർശിക്കാനെത്തിയത്. സ്കൂളിന്‍റെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാർഥികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും പരിശോധിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഗ്രാമത്തിലെത്തിയ സംഘത്തെ നാട്ടുകാർ തടയുകയായിരുന്നു.
ആശുതോഷ് റങ്കയെയും മറ്റ് പ്രവർത്തകരെയും മർദിച്ചതായും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതായും സിജെപി ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് ഇടപെടൽ പര്യാപ്തമായിരുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
എന്നാൽ സിജെപിയുടെ ആരോപണം ബിജെപി നിഷേധിച്ചു. സ്കൂൾ സന്ദർശനത്തെ നാട്ടുകാരാണ് എതിർത്തതെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നുമാണ് ബിജെപി നിലപാട്. സ്കൂളിന്‍റെ നിർമാണത്തിനായി 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രാദേശികമായി തന്നെ നിർമാണപ്രവർത്തനങ്ങൾ നടത്താനാകുമെന്നും ഗ്രാമവാസികൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് രാജസ്ഥാൻ നിയമസഭയിലും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരുണ്ടായി. കോൺഗ്രസ് സംഭവത്തെ അപലപിച്ച് ബിജെപിക്കെതിരേ ആരോപണം ഉന്നയിച്ചപ്പോൾ, സിജെപിയുടെ പേരിൽ കോൺഗ്രസ് സംസ്ഥാനത്ത് പ്രശ്നമുണ്ടാക്കുകയാണെന്ന് ബിജെപി ആരോപിച്ചു.