ധ്രുവ് റാഠി

 
India

സിജെപി സമരം; കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠിയെ വിട്ടയച്ചു

അതേസമയം നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് പോകാൻ ശ്രമിച്ചാൽ ധ്രുവ് റാഠിയെ വീണ്ടും കസ്റ്റഡിയിലെടുക്കുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു

Sarath Nath MS

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത ജന്തർ മന്തർ സമരത്തിന് മുന്നോടിയായി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത യൂട്യൂബർ ധ്രുവ് റാഠിയെ വിട്ടയച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് വിട്ടയച്ചതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് പോകാൻ ശ്രമിച്ചാൽ ധ്രുവ് റാഠിയെ വീണ്ടും കസ്റ്റഡിയിലെടുക്കുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വിദേശത്തായിരുന്ന ധ്രുവ് റാഠി സമരത്തിൽ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയത്. ശനിയാഴ്ച രാവിലെ ഗുരുഗ്രാം സെക്റ്റർ 56ലെ ധ്രുവ് റാഠിയുടെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സമരത്തിൽ പങ്കെടുക്കാൻ പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാത്രി വരെ ധ്രുവ് പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്നു.

ശനിയാഴ്ച നിരവധി പ്രമുഖ പ്രതിപക്ഷ നേതാക്കളുൾപ്പെടെ 7000ത്തിലധികം പേരെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി, പിണറായി വിജയൻ, മണിക് സർക്കാർ എന്നിവർ പൊലീസിന്‍റെ കസ്റ്റഡിയിലായിരുന്നു. സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ വിമാനത്തിനകത്ത് വച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ സമരത്തിന്‍റെ പശ്ചാത്തലത്തിൽ പൊലീസുകാർക്ക് നേർക്ക് അക്രമം നടന്നെന്ന് ആരോപിച്ച് നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ് എന്നാണ് സൂചന.