മമത ബാനർജി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച സമരത്തിന്‍റെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെ സൗത്ത് അവന്യൂവിൽ വച്ചാണ് പാർട്ടി നേതാക്കൾക്കൊപ്പം മമതയെ കസ്റ്റഡിയിലെടുത്തത്.
തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറിക് ഒബ്രയാൻ, ഡോള സെൻ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയായ മമതയെയും നേതാക്കളെയും എങ്ങോട്ടാണ് മാറ്റിയതെന്ന വിവരം പുറത്തുവന്നിട്ടില്ല.
ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇന്ത്യാ സഖ്യം നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ മമതയും പങ്കെടുത്തിരുന്നു.