വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

 

File

India

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾ വിദ്യാർഥികളുടെയും യുവാക്കളുടെയും വിഷയങ്ങൾ ഏറ്റെടുക്കുന്ന ഒരു വേദിയാണ് തേടുന്നതെന്നും സിജെപി ആ ബദൽ വേദിയാകുമെന്നും റങ്ക പറഞ്ഞു

Sarath Nath MS

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കോക്രോച്ച് ജനത പാർട്ടി (സിജെപി) സഹകൺവീനർ അശുതോഷ് റങ്ക. മേഖലയിലെ വിദ്യാർഥികളുടെയും യുവാക്കളുടെയും വിഷയങ്ങൾക്ക് പാർട്ടി പ്രാധാന്യം നൽകുമെന്നും അവരുടെ ആശങ്കകൾ ഉന്നയിക്കാൻ വേദിയൊരുക്കുമെന്നും റങ്ക തിങ്കളാഴ്ച പറഞ്ഞു.

അസമിൽ ഞായറാഴ്ച നടന്ന വോളന്‍റിയർമാരുടെ യോഗത്തിന് മുന്നോടിയായി റങ്ക ഉൾപ്പെടെ 40ലധികം സിജെപി അംഗങ്ങളെ അസം പൊലീസ് ഏകദേശം 10 മണിക്കൂറോളം കസ്റ്റഡിയിലെടുത്തിരുന്നു.

വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾ വിദ്യാർഥികളുടെയും യുവാക്കളുടെയും വിഷയങ്ങൾ ഏറ്റെടുക്കുന്ന ഒരു വേദിയാണ് തേടുന്നതെന്നും സിജെപി ആ ബദൽ വേദിയാകുമെന്നും റങ്ക പറഞ്ഞു.

ഞായറാഴ്ച നടന്ന പൊലീസ് നടപടിയെ ‘പൂർണമായും നിയമവിരുദ്ധം’ എന്നാണ് സിജെപി സഹകൺവീനർ വിശേഷിപ്പിച്ചത്. സ്വകാര്യ സ്ഥലത്ത് നിന്നാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

ദിസ്പൂരിലെ സംസ്ഥാന സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള ചൗധരി ടിലയിൽ നിന്ന് സിജെപി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അസം ജാതീയ പരിഷത്ത് (എജെപി) നേതാവ് കുൻകി ചൗധരിയുടെ വസതിയാണിത്. ഞായറാഴ്ച വൈകിട്ടോടെ ഇവരെ വിട്ടയച്ചു.

“എന്ത് അടിസ്ഥാനത്തിലാണ് ഞങ്ങളെ കസ്റ്റഡിയിലെടുക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചപ്പോൾ ‘മുകളിൽ നിന്ന് ഉത്തരവുണ്ട്’ എന്നായിരുന്നു മറുപടി. മറ്റൊരു കാരണവും അവർ പറഞ്ഞില്ല”- റങ്ക ആരോപിച്ചു.

“എല്ലാം മുകളിൽ നിന്നാണ് നിയന്ത്രിച്ചത്. സർക്കാർ ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ നിങ്ങൾ എത്രത്തോളം അടിച്ചമർത്താൻ ശ്രമിക്കുന്നുവോ, അത്രത്തോളം വിപ്ലവം വ്യാപിക്കും”- റങ്ക പറഞ്ഞു.

അസമിലെ വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾക്കൊപ്പം കാസിരംഗയിലെ തദ്ദേശീയ ജനങ്ങളുടെ അവകാശങ്ങൾ, മനുഷ്യനിർമിത പ്രളയങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ തുടങ്ങിയ വിഷയങ്ങളും പാർട്ടി തുടർന്നും ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

റങ്കയെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ അസം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും റങ്കയെ വിട്ടയച്ചതോടെ സന്ദർശനം റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും

നേപ്പാളിൽ വീണ്ടും ഹിമപാതം

"മുഖ്യമന്ത്രി പറഞ്ഞിട്ടല്ല, അമിത് ഷായ്ക്ക് എതിരായ പ്രതിഷേധ വിഡിയോ നീക്കിയത് മന്ത്രിയായതിനാൽ"; വ്യക്തമാക്കി ഒ.ജെ. ജനീഷ്

സ്നാപകയോഹന്നാന്‍റെ സ്നാന ശുശ്രൂഷയെ ഓർമിപ്പിച്ച് മിക്വെ

മഴയത്ത് ലോങ് ജംപ്; ശ്രീശങ്കറിന് വെള്ളി, കാലിന് പരുക്കും!