ഡൽഹിയിലെ 57 മെട്രൊ സ്റ്റേഷനുകൾ അടച്ചിടാൻ പൊലീസ് നിർദേശം

 
India

സിജെപിയുടെ ജന്തർ മന്തർ സമരം; ഡൽഹിയിലെ 57 മെട്രൊ സ്റ്റേഷനുകൾ അടച്ചിടാൻ പൊലീസ് നിർദേശം

മെട്രൊ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടച്ചിടണമെന്നാണ് പൊലീസിന്‍റെ നിർദേശം

Sarath Nath MS

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രഖ്യാപിച്ച ഒക്റ്റോബർ 10ലെ ജന്തർ മന്തർ സമരം പൊളിക്കാനുള്ള നീക്കവുമായി ഡൽഹി പൊലീസ്. ഡൽഹിയിലെ 57 മെട്രൊ സ്റ്റേഷനുകൾ വെള്ളിയാഴ്ച രാത്രി ഒൻപത് മുതൽ ശനിയാഴ്ച പ്രതിഷേധം അവസാനിക്കുന്നത് വരെ അടച്ചിടാൻ ഡൽഹി മെട്രൊ റെയ്ൽ കോർപ്പറേഷനോട് (ഡിഎംആർസി) പൊലീസ് ആവശ്യപ്പെട്ടു.

മെട്രൊ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടച്ചിടണമെന്നാണ് പൊലീസിന്‍റെ നിർദ്ദേശം. കൂടാതെ ട്രെയ്നുകളുടെ സർവീസ് ഇടവേള വർധിപ്പിക്കണമെന്നും ജോയിന്‍റ് പൊലീസ് കമ്മിഷണർ (ട്രാൻസ്പോർട്ട് റേഞ്ച്) രജനീഷ് ഗുപ്ത അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്. ഇതുവഴി സമരക്കാർ എത്തുന്നത് തടയുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. ആകെ 303 മെട്രൊ സ്റ്റേഷനുകളാണ് ഡൽഹിയിലുള്ളത്.

ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, മണ്ടി ഹൗസ്, ബാരക്കാംബ റോഡ്, സുപ്രീം കോടതി, ഇന്ദ്രപ്രസ്ഥ, കശ്മീരി ഗേറ്റ്, ചാന്ദ്നി ചൗക്ക്, ഐഎൻഎ, ഹോസ് ഖാസ്, ആസാദ്പുർ, ജാമിയ മില്ലിയ ഇസ്ലാമിയ, ഷഹീൻ ബാഗ്, വെൽക്കം, രോഹിണി വെസ്റ്റ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണം നിർദേശിച്ചിരിക്കുന്നത്.