മേഘവും ഇരുട്ടും പ്രശ്നമല്ല; ഇന്ത്യൻ ഉപഗ്രഹം ദൃഷ്ടി ഭ്രമണപഥത്തിൽ

 
India

മേഘവും ഇരുട്ടും പ്രശ്നമല്ല; ഇന്ത്യൻ ഉപഗ്രഹം ദൃഷ്ടി ഭ്രമണപഥത്തിൽ

സ്വകാര്യ സ്റ്റാർട്ടപ്പായ ബംഗളൂരുവിലെ ഗാലക്സ് ഐ വികസിപ്പിച്ചതാണ് രാജ്യത്തിന്‍റെ പ്രതിരോധ രംഗത്തടക്കം നിർണായകമായേക്കാവുന്ന ദൃഷ്ടി.

MV Desk

ബംഗളൂരു: മേഘം മറച്ചാലും ഇരുട്ടുവീണാലും ഭൂമിയിലെ ദൃശ്യങ്ങൾ മിഴിവോടെ പകർത്തി നൽകുന്ന ഇന്ത്യയുടെ ഉപഗ്രഹം "ദൃഷ്ടി' ഭ്രമണപഥത്തിൽ. ഞായറാഴ്ച ഉച്ചയ്ക്ക് 12.29ന് യുഎസിലെ കാലിഫോർണിയയിലുള്ള വാൻഡൻബർഗ് സ്‌പെയ്സ് ഫോഴ്‌സ് ബേസിൽ നിന്ന് സ്പെയ്സ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ മറ്റ് 44 ഉപഗ്രഹങ്ങൾക്കൊപ്പമാണു ദൃഷ്ടി ബഹിരാകാശത്തെത്തിയത്. ‌

സ്വകാര്യ സ്റ്റാർട്ടപ്പായ ബംഗളൂരുവിലെ ഗാലക്സ് ഐ വികസിപ്പിച്ചതാണ് രാജ്യത്തിന്‍റെ പ്രതിരോധ രംഗത്തടക്കം നിർണായകമായേക്കാവുന്ന ദൃഷ്ടി. മൾട്ടി സ്പെക്റ്ററൽ ക്യാമറയും സിന്തറ്റിക്ക് അപ്പർച്ചർ റഡാറും ചേർന്ന ഉപഗ്രഹമെന്നതാണു ദൃഷ്ടിയുടെ സവിശേഷത. സാങ്കേതിക രംഗത്ത് ഇതുവരെ കണ്ടിട്ടില്ലാത്തതെന്നാണ് ഉപഗ്രഹത്തെ ഗാലക്സ് ഐ സിഇഒ സുയാഷ് സിങ് വിശേഷിപ്പിച്ചത്. എന്തും ഏതും നമ്മുടെ താത്പര്യത്തിൽ കാണാൻ ദൃഷ്ടി സഹായിക്കുമെന്നു സിങ്.

190 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് 1.2 മുതൽ 3.6 മീറ്റർ വരെ സ്പേഷ്യൽ റെസല്യൂഷനിൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കും. പ്രതിരോധം, അതിർത്തി നിരീക്ഷണം, ദുരന്തനിവാരണം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, ഇൻഷുറൻസ് വിലയിരുത്തൽ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ഈ ഉപഗ്രഹം നൽകുന്ന വിവരങ്ങൾ പ്രയോജനപ്പെടും.

എഐ ചിപ്പ് ഉപയോഗിച്ച് ബഹിരാകാശത്തു വച്ചുതന്നെ ഡേറ്റകൾ വിശകലനം ചെയ്യാനും ഉപഗ്രഹത്തിനു കഴിയും. മദ്രാസ് ഐഐടിയിലെ പൂർവ വിദ്യാർഥികൾ ചേർന്ന് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ഗാലക്‌സ്‌ഐ. വരും വർഷങ്ങളിൽ പത്തോളം ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ശൃംഖല ബഹിരാകാശത്ത് വിന്യസിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിലുണ്ടാക്കിയ നാശനഷ്ടങ്ങളറിയാൻ യുഎസിന്‍റെ വാണിജ്യ ഉപഗ്രഹങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു നമുക്ക്. ദൃഷ്ടി പ്രവർത്തിച്ചു തുടങ്ങിയാൽ വ്യക്തതയുള്ള ചിത്രങ്ങൾ നമുക്ക് ഇവിടെത്തന്നെ ലഭ്യമാകും. ഇസ്രയേൽ-യുഎസ് സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തിന്‍റെ ചിത്രങ്ങൾ പുറത്തുവിടുന്നതിൽ നിന്നു ബഹിരാകാശ സ്ഥാപനമായ വാന്‍ററിനെ യുഎസ് തടഞ്ഞിരിക്കുകയാണ്. അതിനാൽ സംഘർഷത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലോകരാജ്യങ്ങൾക്ക് ലഭ്യമല്ല. എന്നാൽ, ദൃഷ്ടി വരുമ്പോൾ ഇത്തരം വിവരങ്ങൾ മറ്റാരുടെയും സഹായമില്ലാതെ ഇന്ത്യയ്ക്ക് ലഭ്യമാകും.

പടിഞ്ഞാറൻ രാജ്യങ്ങളിൽ താരതമ്യേന തെളിഞ്ഞ ആകാശമാണ്. എന്നാൽ, ധ്രുവപ്രദേശത്തോടു കൂടുതൽ ചേർന്നായതിനാൽ ഇന്ത്യയ്ക്കു മേൽ ഏതാണ്ട് എല്ലാ സമയവും മേഘങ്ങളുണ്ടാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഭൂമിയുടെ 70 ശതമാനം പ്രദേശവും മേഘങ്ങളാൽ മൂടിയിരിക്കും. സമുദ്രത്തിൽ ഇതു 90 ശതമാനമാണ്. അതിനാൽ, ഉപഗ്രഹം പത്തു ചിത്രം പകർത്തുമ്പോൾ ഏഴും മേഘം മറഞ്ഞ നിലയിലായിരിക്കും. ധ്രുവ പ്രദേശത്തും അനുബന്ധ മേഖലയിലും വ്യക്തമായ ചിത്രം ലഭിക്കുക ദുഷ്കരം. ഇതിനുള്ള പരിഹാരം കൂടിയാണു ദൃഷ്ടി.

പറങ്കിപ്പടയ്ക്ക് കോംഗോക്കെണി

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു

മാസപ്പടിക്കേസിൽ വീണ വിജയന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

അടിച്ചത് 402, ജയിച്ചത് 170 റൺസിന്; ഇന്ത്യക്ക് പരമ്പര

തിരുനാമകീര്‍ത്തനം മലയാളിക്ക് നൽകിയ ഫാ. മൈക്കിള്‍ പനച്ചിക്കലച്ചന്‍റെ സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക്