ബിസ്ലെരിയുടെ കുപ്പിവെള്ളത്തിൽ കോളിഫോം ബാക്റ്റീരിയ; പുനഃപരിശോധന വേണമെന്ന് കമ്പനി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിന്ന് ശേഖരിച്ച ബിസ്ലെരിയുടെ കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്റ്റീരിയയെ കണ്ടെത്തിയെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) റിപ്പോർട്ടിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കമ്പനി. രണ്ട് അംഗീകൃത സ്വതന്ത്ര ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ വെള്ളം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തിയെന്നും പരിശോധനാ ഫലങ്ങളിലെ വ്യത്യാസത്തിന്റെ കാരണങ്ങൾ പരിശോധിക്കണമെന്നും ബിസ്ലെരി ആവശ്യപ്പെട്ടു.
ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ തെലിപാറയിലുള്ള കമ്പനിയുടെ നിർമാണശാലയിൽ നിന്ന് ശേഖരിച്ച സാമ്പിളിലാണ് കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രാഥമിക ലബോറട്ടറിയും റഫറൽ ലബോറട്ടറിയും സാമ്പിളിൽ ബാക്റ്റീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് 2026 ഓഗസ്റ്റ് 12ന് PB201 എന്ന ബാച്ചിന്റെ വിൽപന എഫ്എസ്എസ്എഐ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിക്കെതിരേ പ്രോസിക്യൂഷൻ നടപടികൾക്ക് അതോറിറ്റി അനുമതി നൽകിയത്.
എഫ്എസ്എസ്എഐയുടെ നിർദേശപ്രകാരം നിരോധിച്ച ബാച്ചിലെ കുപ്പിവെള്ളം തിരിച്ചെടുത്തതായി ബിസ്ലെരി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഇതേ ബാച്ചിൽ നിന്നുള്ള സാമ്പിളുകൾ എഫ്എസ്എസ്എഐ അംഗീകാരമുള്ള മറ്റൊരു ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ കോളിഫോം ബാക്റ്റീരിയ ഇല്ലെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായും കണ്ടെത്തി. മറ്റൊരു സ്വതന്ത്ര അംഗീകൃത ലബോറട്ടറിയുടെ പരിശോധനയിലും സമാനമായ ഫലമാണ് ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
നിയന്ത്രണ അതോറിറ്റിയുടെ പരിശോധനാ ഫലങ്ങളും സ്വതന്ത്ര ലബോറട്ടറികളിലെ ഫലങ്ങളും തമ്മിലുള്ള വ്യത്യാസം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് കമ്പനി പറഞ്ഞു. സാമ്പിൾ ശേഖരിച്ച രീതി, പരിശോധനാ നടപടിക്രമങ്ങൾ, ലബോറട്ടറി കണ്ടെത്തലുകൾ, ഫലങ്ങളിലെ വ്യത്യാസത്തിന് കാരണമായേക്കാവുന്ന മറ്റ് ഘടകങ്ങൾ എന്നിവ പരിശോധിക്കണമെന്ന് എഫ്എസ്എസ്എഐയോട് ആവശ്യപ്പെട്ടു. വ്യവസായമേഖലയിൽ പൊതുവായി ബാധകമാക്കുന്ന അതേ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിഷയം വിലയിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
നേരത്തേ ഗോവയിലെ കമ്പനിയുടെ നിർമാണശാലയിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നും എഫ്എസ്എസ്എഐ ബിസ്ലേരിക്കെതിരേ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയിരുന്നു. ഗോവയിലെ സാമ്പിളിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയതായും 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇത് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതായും അതോറിറ്റി അറിയിച്ചിരുന്നു.
കമ്പനിയുടെ അപ്പീലിനെ തുടർന്ന് സാമ്പിൾ റഫറൽ ഭക്ഷ്യപരിശോധനാ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇവിടെ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (പിഎഎച്ച്) സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്ന് സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതായി എഫ്എസ്എസ്എഐ വ്യക്തമാക്കി.
രാജ്യത്തുടനീളം കുപ്പിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാകുമെന്നുമാണ് എഫ്എസ്എസ്എഐ സിഇഒ രജിത് പുന്ഹാനി അടുത്തിടെ അറിയിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യമെന്നും ഉപഭോക്താക്കൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുപ്പിവെള്ളത്തിന്റെയും മിനറൽ വാട്ടറിന്റെയും നിരീക്ഷണം, പരിശോധന, സാമ്പിൾ ശേഖരണം എന്നിവ ശക്തമാക്കാൻ സംസ്ഥാന ഭക്ഷ്യ കമ്മിഷണർമാർക്കും പ്രാദേശിക ഡയറക്റ്റർമാർക്കും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരേ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്സ് കമ്പനികൾക്കുമെതിരായ നടപടികളും എഫ്എസ്എസ്എഐ ഈ വർഷം ശക്തമാക്കിയിട്ടുണ്ട്.