സാമുദായിക സംഘർഷം; ഹിമാചൽ പ്രദേശിൽ നിരോധനാജ്ഞ
ഷിംല: രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ നഹാൻ ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒക്റ്റോബർ 29 വരെയാണ് സിർമൗർ ജില്ലാ മജിസ്ട്രേറ്റ് പ്രിയങ്ക വർമ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംചേരുന്നതിനും ആയുധങ്ങൾ വഹിക്കുന്നതിനും റാലികളോ പ്രതിഷേധങ്ങളോ ജാഥകളോ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളോ രാജ്യവിരുദ്ധ പ്രസംഗങ്ങളോ നടത്തുന്നതും നിരോധിച്ചു.
ഒക്റ്റോബർ 23നാണ് സിഖ്, വാൽമീകി സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. നഹാൻ ടൗണിലെ വാൽമീകി ചൗക്കിൽ സിഖ് സമുദായം സ്വാഗത കവാടം സ്ഥാപിക്കുന്നതിനെച്ചൊല്ലിയായിരുന്നു സംഘർഷം. ഇതോടെ പിന്തുണയുമായി ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡിഗഢ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് സിഖ്, വാൽമീകി സമുദായ അംഗങ്ങൾ പ്രതിഷേധിക്കാൻ നഹാൻ ടൗണിൽ എത്തുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സംഘർഷത്തിൽ ഇരുവിഭാഗവും തമ്മിൽ കല്ലേറുണ്ടാവുകയും മൂന്ന് പൊലീസുകാർക്കടക്കം 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സർക്കാർ, സ്വകാര്യ വാഹനങ്ങൾ തകർക്കുകയും ചെയ്തു. നിലവിൽ പൊലീസ് ഇടപെടലിലൂടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെങ്കിലും പ്രദേശത്ത് സംഘർഷ സാധ്യത തുടരുകയാണ്.