ഡൽഹിയിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

 
India

പ്രതിഷേധത്തിനിടെ പൊലീസുകാരെ ആക്രമിച്ചെന്ന് പരാതി; രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരേ എഫ്ഐആർ

ബുധനാഴ്ച ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു

Sarath Nath MS

ന്യൂഡൽഹി: പ്രതിഷേധത്തിനിടെ പൊലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരേ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബുധനാഴ്ച ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

നിരവധി കോൺഗ്രസ് നേതാക്കൾക്ക് പുറമെ പ്രതിഷേധത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോപണങ്ങളും സംഭവത്തിൽ ഉൾപ്പെട്ടവരുടെ പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിഷേധത്തിനിടെ എംപിമാരും നേതാക്കളുമടക്കം ആകെ 91 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ബുധനാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യ നേതാക്കൾ തെരുവിൽ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് നിരവധി എംപിമാർക്കൊപ്പം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.

ജൻപഥിലെ ദക്ഷിണേന്ത്യൻ വെജിറ്റേറിയൻ റെസ്റ്റോറന്‍റിൽ ഉച്ചഭക്ഷണ വിരുന്ന് കഴിഞ്ഞ് ബസുകളിൽ ജന്തർ മന്തറിലേക്ക് അപ്രതീക്ഷിതമായി പ്രതിഷേധം നടത്താൻ പോകുന്നതിനിടെ പൊലീസ് പ്രതിഷേധക്കാരെ വഴിയിൽ തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.

പ്രിയങ്ക ഗാന്ധിയും മറ്റ് വനിതാ നേതാക്കളും ഭരണഘടനയുടെ പകർപ്പ് കൈയിൽ പിടിച്ച് റോഡിൽ കിടന്നു. തുടർന്ന് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി ബസുകളിൽ കയറ്റി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം, സിപിഐ, ആർജെഡി, ഐയുഎംഎൽ തുടങ്ങിയ പാർട്ടികളുടെ എംപിമാരും നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.