ജുവനൈൽ നിയമത്തിൽ സമഗ്രമാറ്റം വേണം; ഭദ്രപക്ഷം ക്യാംപയ്നുമായി ടോം ജോസഫ്
കൊച്ചി: ജുവനൈൽ നിയമത്തിൽ സമഗ്രമാറ്റം വേണമെന്ന് നിർദേശിച്ചു കൊണ്ടുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്. ക്രിമിനൽ ബാധ്യത നിർണ്ണയിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി 15 വയസ്സായി നിജപ്പെടുത്തണമെന്ന നിർദ്ദേശമാണ് കാമ്പയിൻ മുന്നോട്ടുവെക്കുന്നത്. എറണാകുളം ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഭദ്രപക്ഷം എന്നാണ് ക്യാംപയിനിന് നൽകിയിരിക്കുന്ന പേര്. രാജ്യമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം പൗരന്മാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിനും വനിതാ-ശിശു വികസന മന്ത്രാലയത്തിനും നേരിട്ട് സമർപ്പിക്കാനാണ് ഒരുങ്ങുന്നത്. ഭദ്രകീർത്തിയും ക്യാംപെയ്നിൽ പങ്കാളിയായി.
രാജ്യത്തിന് ഏറ്റവും അത്യാവശ്യമുള്ളതും എല്ലാവരും ആഗ്രഹിക്കുന്നതുമായ ഒരു നിയമമാറ്റത്തിനാണ് ഭദ്രപക്ഷം കാമ്പയിനിലൂടെ ശ്രമിക്കുന്നതെന്നാണ് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ് പറഞ്ഞത്. ''നമ്മുടെ രാജ്യത്തെ ജുവനൈൽ നിയമം വന്ന കാലത്തെ കുട്ടികളല്ല ഇപ്പോഴുള്ളത്. അവരുടെ മാനസിക നിലയും മറ്റു സാഹചര്യങ്ങളുമെല്ലാം വളരെയധികം മാറിയിരിക്കുന്നു. ലോകത്തെ മറ്റു പല രാജ്യങ്ങളും ജുവനൈൽ നിയമത്തിന്റെ പ്രായപരിധി 15-ഉം 12-ഉം ഒക്കെയാക്കി മാറ്റിയപ്പോഴും നമ്മൾ മാറ്റമില്ലാതെ തുടരുകയായിരുന്നു.
അതിനാണ് ഇനി മാറ്റം വരേണ്ടത്.'' ടോം പറഞ്ഞു. അച്ഛൻ മരിച്ച വേദനയിലും ഇതുപോലെയുള്ള ഒരു കാമ്പയിന്റെ ഭാഗമാകാൻ ശ്രമിച്ചത് ഇനി ഇതുപോലെയൊരു അപകടവും വേദനയും ഇവിടെയുണ്ടാകരുതെന്ന ആഗ്രഹത്തിലാണെന്ന് ഭദ്രകീർത്തി പറഞ്ഞു. ''അച്ഛൻ നഷ്ടമായതിന്റെ വേദന ഒരിക്കലും മായില്ല. എന്നാൽ അച്ഛൻ നഷ്ടപ്പെടാൻ ഇടയായ സാഹചര്യം നമ്മളെയെല്ലാം ചിന്തിപ്പിക്കേണ്ട ഒന്നാണ്. ഇനിയൊരു മകനോ മകളോ, അല്ലെങ്കിൽ ഒരച്ഛനോ അമ്മയോ ഒന്നും ഇതുപോലെ കരയാനും വേദനിക്കാനും ഇടവരരുത്. അതിനുവേണ്ടിയാണ് ഞാൻ എന്റെ പക്ഷം നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചതെന്നും ഭദ്രകീർത്തി.