നവംബർ ഒന്നിന് രാംലീല മൈതാനിയിൽ കോൺഗ്രസിന് റാലി നടത്താൻ ഡൽഹി പൊലീസിന്‍റെ അനുമതി

 
India

എസ്ഐആർ പ്രക്ഷോഭം: നവംബർ ഒന്നിന് രാംലീല മൈതാനിയിൽ കോൺഗ്രസിന്‍റെ റാലി; അനുമതി നൽകി ഡൽഹി പൊലീസ്

റാലി നടത്തുന്നതിനുള്ള നിരാക്ഷേപ പത്രം (എൻഒസി) അനുവദിച്ചതായി പൊലീസ് ശനിയാഴ്ച അറിയിച്ചു

Sarath Nath MS

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരേ (എസ്‌ഐആർ) നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ റാലി നടത്താൻ കോൺഗ്രസിന് ഡൽഹി പൊലീസ് അനുമതി നൽകി. റാലി നടത്തുന്നതിനുള്ള നിരാക്ഷേപ പത്രം (എൻഒസി) അനുവദിച്ചതായി പൊലീസ് ശനിയാഴ്ച അറിയിച്ചു.

കോൺഗ്രസ് നവംബർ ഒന്നിന് രാംലീല മൈതാനിയിൽ റാലി നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ആവശ്യമായ എൻഒസിക്കായി ഡൽഹി പൊലീസിനെ സമീപിച്ചിരുന്നുവെന്നും സെൻട്രൽ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിത് രാജ്ബീർ സിങ് പറഞ്ഞു. ഒക്റ്റോബർ 25 മുതൽ നവംബർ മൂന്ന് വരെയാണ് നിശ്ചിത പ്രതിഷേധ വേദിയിൽ റാലി നടത്താൻ അനുമതി നൽകിയിരിക്കുന്നത്. ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, റാലിയുടെ സുഗമമായ നടത്തിപ്പ് എന്നിവ ഉറപ്പാക്കാൻ സംഘാടകർ, ട്രാഫിക് പൊലീസ്, ബന്ധപ്പെട്ട മറ്റ് ഏജൻസികൾ എന്നിവരുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അടുത്തിടെ ഡൽഹിയിൽ പ്രതിഷേധങ്ങൾ പതിവായതോടെ ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ഡൽഹി പൊലീസ് ഉത്തരവിറക്കിയിരുന്നു. രാംലീല മൈതാനം, ബുരാഡി മൈതാനം, സിബിഡി മൈതാനം എന്നിവയെയാണ് പുതിയ പ്രതിഷേധ വേദികളായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് രാംലീല മൈതാനിയിൽ കോൺഗ്രസിന്‍റെ റാലി നടക്കാൻ പോകുന്നത്.

എസ്‌ഐആർ വിഷയത്തിൽ സെപ്റ്റംബർ 30ന് ചേർന്ന ഇന്ത്യാ സഖ്യയോഗത്തിലാണ് സംയുക്ത പ്രക്ഷോഭ പരിപാടികൾക്ക് അന്തിമരൂപം നൽകിയത്. റാലികളും ജനാധിപത്യം സംരക്ഷിക്കാനുള്ള മാർച്ചുകളും ഉൾപ്പെടുന്നതാണ് സംയുക്ത കർമപദ്ധതി. ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തിൽ എല്ലാ പാർട്ടികളും യോജിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അന്ന് പറഞ്ഞിരുന്നു. നവംബർ ഒന്നിന് ഡൽഹിയിൽ വൻ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ട് കമ്മിഷണർമാർ രേഖാമൂലം എതിർപ്പുകൾ ഉന്നയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യാ സഖ്യത്തിന്‍റെ യോഗം നടന്നത്.