ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് തരംഗം; സംഘടനാ തന്ത്രങ്ങളുമായി കെ.സി. വേണുഗോപാൽ

 
India

ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് തരംഗം; സംഘടനാ തന്ത്രങ്ങളുമായി കെ.സി. വേണുഗോപാൽ

ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നിർദേശങ്ങൾ താഴെത്തട്ടിലെത്തിച്ചു, നേതാക്കൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംഘടനയെ ഒറ്റക്കെട്ടാക്കി

MV Desk

ജയ്പുർ: രാജസ്ഥാനിൽ ബിജെപിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഗ്രാമീണ മേഖലയിൽ കോൺഗ്രസ് നടത്തിയ വൻ മുന്നേറ്റം ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.

ഭരണകക്ഷിയായ ബിജെപിയെ പിന്നിലാക്കി പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ശ്രദ്ധേയമായ വിജയം കേവലം ഭരണവിരുദ്ധ വികാരത്തിന്‍റെ പ്രതിഫലനം മാത്രമല്ല, സംഘടനാപരമായ ഇടപെടലുകളിലൂടെ പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ദേശീയ നേതൃത്വത്തിന്‍റെ ആസൂത്രിത നീക്കങ്ങളുടെ കൂടി വിജയമാണ്. ഈ സംഘടനാ ദൗത്യത്തിന്‍റെ ഏകോപനത്തിൽ നിർണായക പങ്കുവഹിച്ചത് എഐസിസി ജനറൽ സെക്രട്ടറിയും സംഘടനാ ചുമതലയുള്ള നേതാവുമായ കെ.സി. വേണുഗോപാലാണ്.

പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 3,700-ലധികം സീറ്റുകൾ നേടി കോൺഗ്രസ് മുന്നിലെത്തിയപ്പോൾ ബിജെപിക്ക് 2,200-ൽ താഴെ സീറ്റുകളിലേക്കാണ് ഒതുങ്ങേണ്ടിവന്നത്. 289 പഞ്ചായത്ത് സമിതികളിൽ കോൺഗ്രസ് ഭരണസമിതികൾ രൂപീകരിച്ചപ്പോൾ ബിജെപിക്ക് 85 ഇടങ്ങളിൽ മാത്രമാണ് മുന്നിലെത്താനായത്. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ഗ്രാമീണ ജനതയ്ക്കിടയിൽ ശക്തമായിക്കൊണ്ടിരുന്ന ഭരണവിരുദ്ധ വികാരം കോൺഗ്രസിന് അനുകൂലമായ ജനവിധിയായി മാറുകയായിരുന്നു.

എന്നാൽ, ഈ വിജയത്തിന്‍റെ രാഷ്ട്രീയ പ്രാധാന്യം തെരഞ്ഞെടുപ്പ് കണക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല. നഗരസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു പിന്നാലെ രാജസ്ഥാനിലെ സംഘടനാ സംവിധാനത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ ഇടപെടലുകളുടെ ഫലം കൂടിയാണിത്. പരാജയത്തിന്‍റെ കാരണങ്ങൾ പരിശോധിച്ച് സംഘടനയെ താഴെത്തട്ടിൽനിന്ന് ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേതൃത്വം നൽകി. ഈ നിർദേശങ്ങൾ പ്രായോഗിക സംഘടനാ നടപടികളാക്കി മാറ്റുന്നതിനുള്ള ഏകോപനച്ചുമതലയാണ് കെ.സി. വേണുഗോപാൽ ഏറ്റെടുത്തത്.

രാജസ്ഥാനിലെ സംഘടനാ സംവിധാനത്തിലെ ദൗർബല്യങ്ങൾ കണ്ടെത്തുന്നതിനും നേതാക്കൾക്കിടയിൽ ഏകോപനം ഉറപ്പാക്കുന്നതിനും കെസി നേരിട്ട് ഇടപെട്ടു. പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടാസ്ര, എഐസിസി ഇൻ-ചാർജ് സുഖ്ജീന്ദർ സിങ് രൺധാവ, സംസ്ഥാനത്തെ മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുമായി വിശദമായ അവലോകന യോഗങ്ങൾ നടത്തി. പ്രധാന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി ചർച്ചകൾ നടത്തിയതിനൊപ്പം നേരിട്ട് രാജസ്ഥാനിലെത്തി സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

പിസിസി നേതൃത്വം മുതൽ ഡിസിസി അധ്യക്ഷന്മാർ, പ്രാദേശിക നേതാക്കൾ, പാർട്ടി പ്രവർത്തകർ വരെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെ സംഘടന നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനായി. നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് പാർട്ടിയെ ഒറ്റക്കെട്ടായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമാക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഇരുവരെയും പാർട്ടിയുടെ പൊതുലക്ഷ്യത്തിലേക്ക് അണിനിരത്താനായത് സംഘടനാ ഏകോപനത്തിലെ പ്രധാന നേട്ടമായി. വ്യക്തിപരമായ തർക്കങ്ങൾക്കപ്പുറം പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് മുൻഗണന നൽകുന്ന സാഹചര്യം സൃഷ്ടിക്കാനായത് താഴെത്തട്ടിലെ പ്രവർത്തകർക്കിടയിലും ആത്മവിശ്വാസം വർധിപ്പിച്ചു.

സ്ഥാനാർഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് പ്രചാരണം വരെയുള്ള ഓരോ ഘട്ടത്തിലും ദേശീയ നേതൃത്വത്തിന്‍റെ നിരീക്ഷണവും ഇടപെടലും ഉറപ്പാക്കി. പ്രാദേശിക തലത്തിൽ ഉയർന്ന സ്ഥാനാർഥി നിർണയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പുരോഗതി നിരന്തരം വിലയിരുത്തുകയും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും താഴെത്തട്ടിലെ പ്രവർത്തകരും തമ്മിലുള്ള ഫലപ്രദമായ ഏകോപനം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകർന്നു.

മുമ്പ് രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായിരുന്ന കെ.സി. വേണുഗോപാലിന് സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ സാഹചര്യങ്ങളെയും സംഘടനാ സംവിധാനത്തെയും കുറിച്ചുള്ള വ്യക്തമായ ധാരണ ഈ ദൗത്യത്തിൽ സഹായകമായി. ദേശീയ നേതൃത്വത്തിന്‍റെ രാഷ്ട്രീയ ദിശാബോധവും സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ കൂട്ടായ പ്രവർത്തനവും പ്രാദേശിക തലത്തിലെ സംഘടനാ സംവിധാനവും ഒരേ ലക്ഷ്യത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിനായി.

രാജസ്ഥാനിലെ ഈ വിജയം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ സംഘടനാ പ്രവർത്തനശൈലിയെക്കുറിച്ചുള്ള ചർച്ചകൾക്കും പുതിയ മാനം നൽകുന്നുണ്ട്. രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് കോൺഗ്രസിന് തെരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടാകുമ്പോൾ അതിന്‍റെ ഉത്തരവാദിത്തം മുഴുവൻ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ ചുമലിൽ കെട്ടിവെക്കാൻ രാഷ്ട്രീയ വിമർശകർക്ക് വലിയ താത്പര്യമാണ്. എന്നാൽ, അതേ സംഘടനാ ചുമതലയുടെ ഭാഗമായി ദേശീയ നേതൃത്വത്തിന്‍റെ നിർദേശങ്ങൾ നടപ്പാക്കി പാർട്ടിയെ വിജയത്തിലേക്ക് നയിക്കുമ്പോൾ അതിന്‍റെ അംഗീകാരം കൂടി അദ്ദേഹത്തിന് നൽകേണ്ടതല്ലേയെന്ന ചോദ്യമാണ് രാജസ്ഥാനിലെ ഫലം ഉയർത്തുന്നത്.

ഒരു സംസ്ഥാനത്തെ പരാജയത്തിന്‍റെ ഉത്തരവാദിത്തം മാത്രം സംഘടനാ ജനറൽ സെക്രട്ടറിയിൽ ആരോപിക്കുകയും മറ്റൊരു സംസ്ഥാനത്ത് പാർട്ടി നേടിയ മുന്നേറ്റത്തിന്‍റെ പിന്നിലെ സംഘടനാ ഇടപെടലുകളെ അവഗണിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ വിലയിരുത്തലിലെ ഇരട്ടത്താപ്പാണ്. രാജസ്ഥാനിലെ വിജയം കെ.സി. വേണുഗോപാലിന്‍റെ സംഘടനാ ഏകോപനശേഷിക്കും പ്രതിസന്ധികളെ കൂട്ടായ പ്രവർത്തനത്തിലൂടെ മറികടക്കാനുള്ള നേതൃത്വമികവിനും ലഭിച്ച അംഗീകാരമായാണ് കോൺഗ്രസ് ക്യാംപുകൾ വിലയിരുത്തുന്നത്. ബിജെപി കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലിരിക്കെ ഗ്രാമീണ രാജസ്ഥാനിൽ കോൺഗ്രസ് നേടിയ ഈ മുന്നേറ്റം ദേശീയ രാഷ്ട്രീയത്തിനും വ്യക്തമായ സന്ദേശം നൽകുന്നു. ഭരണവിരുദ്ധ വികാരത്തെ മാത്രം ആശ്രയിക്കാതെ സംഘടനയെ അടിത്തട്ടിൽനിന്ന് ശക്തിപ്പെടുത്തുകയും നേതാക്കളെയും പ്രവർത്തകരെയും ഒരേ ലക്ഷ്യത്തിലേക്ക് അണിനിരത്തുകയും ചെയ്താൽ കോൺഗ്രസിന് ശക്തമായ തിരിച്ചുവരവ് സാധ്യമാണെന്ന രാഷ്ട്രീയ സൂചനയാണിത്.

ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും രാഷ്ട്രീയ നിശ്ചയദാർഢ്യം, കെ.സി. വേണുഗോപാലിന്‍റെ സംഘടനാ ഏകോപനം, രാജസ്ഥാനിലെ നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമം എന്നിവ ഒത്തുചേർന്നപ്പോൾ ബിജെപിക്ക് കനത്ത തിരിച്ചടി നൽകാൻ കോൺഗ്രസിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ രാജസ്ഥാനിലെ ഈ വിജയം ഒരു സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാത്രമല്ല; കോൺഗ്രസിന്‍റെ സംഘടനാ തിരിച്ചുവരവിന്‍റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ്.