അഴിമതി ആരോപണം; പഞ്ചാബിലെ ആം ആദ്മി സർക്കാരിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

 
India

അഴിമതി ആരോപണം; പഞ്ചാബിലെ ആം ആദ്മി സർക്കാരിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐയ്ക്ക് കൈമാറാൻ പഞ്ചാബ് പൊലീസിനും സംസ്ഥാന സർക്കാരിനും ചീഫ് ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് രോഹിത് കപൂർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി

Sarath Nath MS

ചണ്ഡിഗഢ്: പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരുമായി ബന്ധപ്പെട്ടവർക്കെതിരായ അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടത്താൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐയ്ക്ക് കൈമാറാൻ പഞ്ചാബ് പൊലീസിനും സംസ്ഥാന സർക്കാരിനും ചീഫ് ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് രോഹിത് കപൂർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി. ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.

സ്ഥലംമാറ്റങ്ങൾ, അനുകൂലമായ സർക്കാർ നയങ്ങൾ എന്നിവയ്ക്ക് പണം വാങ്ങുന്നത് അടക്കമുള്ള ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) ആം ആദ്മി പാർട്ടി സർക്കാരിന് ഇതുസംബന്ധിച്ച് കത്തുകൾ നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ ഗുരുതരമായതിനാൽ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ വാദിച്ചു.

വിഷയം ഗൗരവമുള്ളതാണെന്നും ശരിയായ രീതിയിൽ അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചുവെന്ന് ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സത്യപാൽ ജെയിനൊപ്പം ഹാജരായ അഭിഭാഷകൻ ധീരജ് ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബ് പൊലീസ് വിഷയം കൈകാര്യം ചെയ്ത രീതി തൃപ്തികരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചതായും ഇനി കേസ് സിബിഐ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.