പ്രതിഷേധത്തിനിടെ ജോൺ ബ്രിട്ടാസ് എംപിയെ താങ്ങി പിടിച്ച് ഓട്ടോറിക്ഷയിൽ കയറ്റുന്നതിന്‍റെ ദൃശ‍്യങ്ങൾ
ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്നും ആവശ‍്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ നടത്തിവരുന്ന പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് രാജ‍്യസഭാ എംപിയായ ജോൺ ബ്രിട്ടാസിനെ മർദിച്ചുവെന്നും ശേഷം പരുക്കുകളോടെ റോഡരികിൽ ഉപേക്ഷിച്ചുവെന്ന ആരോപണവുമായി സിപിഎം.
തങ്ങളുടെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിലൂടെ ഇതിന്‍റെ വിഡിയോ സഹിതം പങ്കുവച്ചുകൊണ്ടായിരുന്നു സിപിഎം രംഗത്തെത്തിയത്. ഡൽഹി പൊലീസ് എല്ലാ അതിരുകളും ലംഘിച്ചുവെന്നായിരുന്നു എക്സ് പോസ്റ്റിന്‍റെ അടിക്കുറിപ്പ്.
എഴുന്നേൽക്കാൻ പ്രയാസമുള്ള എംപിയെ മറ്റൊരാൾ താങ്ങി പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് ഒരു പൊലീസ് ഉദ‍്യോഗസ്ഥന്‍റെ സഹായത്തോടെ അദ്ദേഹത്തെ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതും വിഡിയോയിൽ കാണാം.
എംപിക്ക് എവിടെ വച്ച് എങ്ങനെയാണ് പരുക്കേറ്റതെന്ന കാര‍്യം വ‍്യക്തമല്ല. എന്നിരുന്നാലും ജന്തർ മന്തറിലേക്ക് പ്രതിഷേധം നടത്തുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. പ്രതിഷേധത്തിന്‍റെ ആദ‍്യ ദിനമായ ശനിയാഴ്ചയും ജോൺ ബ്രിട്ടാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 4 മുൻ മുഖ‍്യമന്ത്രിമാരടക്കം 7000ത്തോളം പേരെയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്.