റായ്പുർ: ഛത്തിസ്ഗഡിലെ സുഖ്മയിൽ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് സബ് ഇൻസ്പെക്റ്റർ കൊല്ലപ്പെട്ടു. ഒരു കോൺസ്റ്റബിളിന് പരുക്കേറ്റിട്ടുണ്ട്. ആന്ധ്രപ്രദേഷ് സ്വദേശിയായ എസ്ഐ സുധാകർ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയോടെ ജാഗർഗുണ്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെ ഏഴു മണിയോടെയാണ് സിആർപിഎഫ് സംഘം പ്രദേശത്ത് പരിശോധന ആരംഭിച്ചതോടെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് നിന്ന് നക്സലുകൾ എന്നു സംശയിക്കുന്ന നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതോടെ ഈ മാസം നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന സുരക്ഷാ ഓഫിസർമാരുടെ എണ്ണം മൂന്നായി. ഡിസംബർ 2ന് ബാസ്തർ മേഖലയിലും ഡിസംബർ 14ന് കാങ്കർ ജില്ലയിലുമുണ്ടായ നക്സൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.
ആകെ ഏഴു പേർക്കാണ് ആക്രമണങ്ങളിൽ പരുക്കേറ്റത്. നക്സൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ് ഞായറാഴ്ച ഉന്നതതല സമിതി വിളിച്ചു കൂട്ടി. കേന്ദ്രത്തിന്റെ സഹായത്തോടെ നക്സലുകളെ പൂർണമായി തുടച്ചു മാറ്റാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.