'മുറസു' ചുഴലിക്കാറ്റ്; മഴ ശക്തമാകും, ചൊവ്വാഴ്ച 5 ജില്ലകളിൽ യെലോ അലർട്ട്

 
India

'മുറസു' ചുഴലിക്കാറ്റ്; മഴ ശക്തമാകും, ചൊവ്വാഴ്ച 5 ജില്ലകളിൽ യെലോ അലർട്ട്

നവംബർ 2,3,6 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

നീതു ചന്ദ്രൻ

ന്യൂഡൽഹി: മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ആഞ്ഞു വീശുന്ന മുറസു ചുഴലിക്കാറ്റ് നവംബർ 3 പുലർച്ചയോടെ തീരത്തടുക്കും. തെക്കൻ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റായി മണിക്കൂറിൽ 100–110 കിലോമീറ്റർ വേഗത്തിലും പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് ആഞ്ഞു വീശുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.

തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലും മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക-തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്നും രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. നവംബർ 2,3,6 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

നവംബർ 2 മുതൽ 6 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ. വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.