കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
file image
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും (ഡിആർ) മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അടിസ്ഥാന ശമ്പളത്തിന്റെയും പെൻഷന്റെയും 60 ശതമാനമായിരുന്ന നിരക്ക് 63 ശതമാനമാകും. ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കുകയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച അറിയിച്ചു.
ആറാം, അഞ്ചാം കേന്ദ്ര ശമ്പള കമ്മിഷനുകളുടെ ശുപാർശകൾ പ്രകാരമുള്ള ശമ്പള സ്കെയിലുകളിൽ തുടരുന്ന ജീവനക്കാരുടെ ക്ഷാമബത്ത നിരക്കുകളിലും മാറ്റമുണ്ടാകും. ആറാം ശമ്പള കമ്മിഷൻ പ്രകാരമുള്ള ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 262 ശതമാനത്തിൽ നിന്ന് 269 ശതമാനമായി ഉയരും. ഏഴ് ശതമാനം പോയിന്റിന്റെ വർധനയാണിത്.
അഞ്ചാം ശമ്പള കമ്മിഷൻ പ്രകാരമുള്ള ജീവനക്കാരുടെ ക്ഷാമബത്ത 483 ശതമാനത്തിൽ നിന്ന് 497 ശതമാനമായി ഉയരും. 14 ശതമാനം പോയിന്റിന്റെ വർധനയാണിത്. ഈ പരിഷ്കരണങ്ങളും 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ദീപാവലിക്ക് മുന്നോടിയായാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വർധിപ്പിക്കുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സാമ്പത്തിക നേട്ടമുണ്ടാകും. ഏകദേശം 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം നൽകുകയാണ് വർധനയുടെ ലക്ഷ്യം. ക്ഷാമബത്ത, ക്ഷാമാശ്വാസ വർധനകൾ നടപ്പാക്കുന്നതിലൂടെ സർക്കാരിന് പ്രതിവർഷം 10,016 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.
ഇതിനുപുറമെ, കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങളുടെ ഭാഗമായി പിഎം വികസിത് ഗ്രാമ സ്വരാജ് യോജനയ്ക്ക് 7,395 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു. കണ്ടെയ്നർ നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 10,000 കോടി രൂപയുടെ പദ്ധതിക്കും ഖേലോ ഇന്ത്യ സ്പോർട്സ് ഗുഡ്സ് ആൻഡ് മാനുഫാക്ചറിങ് പദ്ധതിക്കായി 1,856 കോടി രൂപയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി.