സെയ്ഫ് അലി ഖാൻ
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന് വധഭീഷണി. എൻസിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സീഷാൻ അക്തറിൽ നിന്നുമാണ് മൊബൈൽ ഫോൺ മുഖേന വോയ്സ് ക്ലിപ്പായി ഭീഷണി സന്ദേശമെത്തിയത്.
സീഷാൻ അക്തറിൽ നിന്നും തന്നെയാണോ ഭീഷണി ഉണ്ടായതെന്നും അതോ മറ്റാരെങ്കിലുമാണോ ഇതിനു പിന്നിലെന്ന കാര്യം പൊലീസ് പരിശോധിച്ചുവരുകയാണ്. ബോളിവുഡ് താരവും സെയ്ഫ് അലി ഖാന്റെ ഭാര്യയുമായ കരീന കപൂർ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ധരിച്ച ആഭരണവുമായി ബന്ധപ്പെട്ടാണ് ഭീഷണിയെത്തിയത്. സംഭവത്തോട് ഇതുവരെ പ്രതികരിക്കാൻ നടൻ തയാറായിട്ടില്ല.
അടുത്തിടെ ബോളിവുഡ് താരങ്ങളായ തുഷാർ കപൂർ, ആയുഷ്മാൻ ഖുറാന എന്നിവർക്കും സമാന രീതിയിൽ വധഭീഷണി എത്തിയിരുന്നു. ഈ കേസിൽ ഐഐടി ബിരുദധാരിയായ 30 കാരൻ വൈഭവ് മിശ്രയെ ബെംഗളൂരുവിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈഭവ് മിശ്രയ്ക്ക് ക്രിമിനൽ സംഘങ്ങളുമായി യാതൊരു ബന്ധമില്ലെന്നും എഐയുടെ സഹായത്തോടെയാണ് ഇയാൾ നടന്മാർക്ക് വധ ഭീഷണി സന്ദേശങ്ങൾ അയച്ചതെന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.