അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും
ന്യൂഡൽഹി: മധ്യ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, സമീപ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി അതി തീവ്ര ന്യൂനമർദം തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ന്യൂന മർദം അർണാബ് ചുഴലിക്കാറ്റായി മാറുമെന്നും ബുധനാഴ്ച (സെപ്റ്റംബർ 23) രാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ, കലിംഗപട്ടണത്തിന് സമീപം, വടക്കൻ ആന്ധ്രപ്രദേശ്-തെക്കൻ ഒഡീഷ തീരത്തെത്തുമെന്നുമാണ് പ്രവചനം.
സംസ്ഥാനത്ത് 27 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സെപ്റ്റംബർ 23 മുതൽ 25 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സെപ്റ്റംബർ 23 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നൽ മണിക്കൂറിൽ 30 - 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒഡീശയെ ആയിരിക്കും ന്യൂനമർദം ഏറ്റവും രൂക്ഷമായി ബാധിക്കുക. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി തീരപ്രദേശത്ത് നിന്ന് താമസക്കാരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ട്.