രാഹുൽ ഗാന്ധി

 

file image

India

അമിത് ഷായ്ക്കെതിരേ നടത്തിയ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ വിധി തിങ്കളാഴ്ച

ഉത്തർപ്രദേശിലെ സുൽത്താൻപുരിലുള്ള പ്രത്യേക എംപി-എംഎൽഎ കോടതിയാണ് വിധി പറയുന്നത്

Sarath Nath MS

സുൽത്താൻപുർ: ബിജെപി മുൻ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്കെതിരേ നടത്തിയ അപകീർത്തികരമായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിധി തിങ്കളാഴ്ച പ്രസ്താവിക്കും. ഉത്തർപ്രദേശിലെ സുൽത്താൻപുരിലുള്ള പ്രത്യേക എംപി-എംഎൽഎ കോടതിയാണ് വിധി പറയുന്നത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവും റായ്ബറേലി എംപിയുമായ രാഹുൽ ഗാന്ധി ഒക്റ്റോബർ 26ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് പരാതിക്കാരന്‍റെ അഭിഭാഷകൻ സന്തോഷ് കുമാർ പാണ്ഡെ അറിയിച്ചു. അഡിഷണൽ സിവിൽ ജഡ്ജി ശുഭം വർമയാണ് വിധി പ്രസ്താവിക്കുക.

2018ൽ ബെംഗളൂരുവിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായെക്കുറിച്ച് രാഹുൽ ഗാന്ധി അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിലാണ് കേസ്. ബിജെപി നേതാവും ജില്ലാ സഹകരണ ബാങ്ക് മുൻ ചെയർമാനുമായ വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിനാണ് രാഹുൽ ഗാന്ധിക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2023 നവംബർ 27ന് കോടതി രാഹുൽ ഗാന്ധിയോട് വിചാരണയ്ക്ക് ഹാജരാകാൻ നിർദേശിച്ചു. തുടർന്ന് കോടതിയിലെത്തിയ അദ്ദേഹം ജാമ്യം നേടി.

പിന്നീട് രാഹുൽ ഗാന്ധിയുടെ ശബ്ദസാമ്പിൾ താരതമ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വിജയ് മിശ്ര അപേക്ഷ നൽകി. വിചാരണക്കോടതി അപേക്ഷ തള്ളിയതിനെ തുടർന്ന് ഇതിനെതിരേ സെഷൻസ് കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജിയും തള്ളി. തുടർന്ന് ഇരുകോടതികളുടെയും തീരുമാനങ്ങളെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.