തകരാറെന്ന് സംശയം; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
മുംബൈ: സാങ്കേതിക പ്രശ്നമുണ്ടെന്ന സംശയത്തെത്തുടർന്ന് ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരെയെല്ലാം ഇറക്കി വിമാനത്തിൽ പരിശോധന തുടരുകയാണ്. ഹോങ്കോങ്ങിൽ നിന്ന് പ്രാദേശിക സമയം വൈകിട്ട് 12.16 നാണ് വിമാനം യാത്ര ആരംഭിച്ചത്. ബോയിങ് 787-8 ഡ്രീംലൈനർ ഫ്ലൈറ്റിലാണ് സാങ്കേതിക തകരാറെന്ന് പൈലറ്റ് സംശയം ഉന്നയിച്ചത്.
അതോടെ യൂടേൺ എടുത്ത് വിമാനം തിരിച്ച് ഹോങ്കോങ്ങിലേക്ക് തന്നെ പോകുകയായിരുന്നു. ഏതു തരത്തിലുള്ള തകരാറാണുള്ളതെന്ന് വ്യക്തമല്ല. പൈലറ്റ് സംശയമുന്നയിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ മാത്രം മുൻ നിർത്തിയാണ് തിരിച്ചു പോരാനുള്ള തീരുമാനമെടുത്തതെന്ന് എയർ ഇന്ത്യ വ്യക്തമാക്കുന്നു.