രേഖ ഗുപ്ത
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി കോടതി തള്ളി. ഡൽഹി സർക്കാർ ഉദ്യോഗസ്ഥരെ ഹനുമാനോട് ഉപമിച്ചുകൊണ്ട് പരാമർശം നടത്തിയെന്നാരോപിച്ച് രേഖ ഗുപ്തയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു പരാതി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വിനി പൻവാറാണ് ഹർജി തള്ളിയത്.
കുറ്റകരമായ കുറ്റകൃത്യമൊന്നും നടന്നിട്ടില്ലെന്നതിനാൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി ഒക്റ്റോബർ 15ന് ഡൽഹി പൊലീസ് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2025 സെപ്റ്റംബർ 23ന് ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ ബറൗട്ടിലേക്കുള്ള ഡിടിസി ബസ് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ വച്ചാണ് മുഖ്യമന്ത്രി വിവാദമായ പരാമർശം നടത്തിയതെന്നാണ് പരാതിക്കാരൻ പറയുന്നത്.
സർക്കാർ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്യുന്നതിനിടെ വാലിൽ തീ പിടിക്കുമ്പോൾ മാത്രമെ അവർക്ക് സ്വന്തം ശക്തിയെ പറ്റി ഓർമയുണ്ടാകുകയുള്ളൂവെന്നും അല്ലാത്തപ്പോൾ അവർ അത് മറന്നുപോകുന്നുവെന്നും രേഖ ഗുപ്ത പറഞ്ഞതായാണ് പരാതിക്കാരൻ ആരോപിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ചിട്ടയായി പ്രവൃത്തിക്കുന്നില്ലെന്ന് പറയുന്നതിനിടെയാണ് രേഖ ഗുപ്ത ഇക്കാര്യം പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.