ഡൽഹിയിലെ നാലുനില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ ഗർഭിണിയായ സ്ത്രീ അടക്കം 5 പേർ മരിച്ചു

 
India

ഡൽഹിയിലെ നാലുനില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ ഗർഭിണിയായ സ്ത്രീ അടക്കം 5 പേർ മരിച്ചു

ഗർഭിണിയായ സ്ത്രീ, രണ്ടു കുട്ടികൾ അടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്

Aswin AM

ന‍്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ സീമാപുരി മേഖലയിൽ കഴിഞ്ഞ ദിവസം നാലുനില കെട്ടിടം തകർ‌ന്നു വീണുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 5 ആയി ഉയർന്നു. ഗർഭിണിയായ സ്ത്രീ, രണ്ടു കുട്ടികൾ അടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഒന്നോ രണ്ടോ പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായി പ്രദേശവാസികൾ സംശയിക്കുന്നു. കെട്ടിടത്തിന്‍റെ ഉടമയായ അൻവർ എന്നയാൾ നിലവിൽ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി അവശിഷ്ടങ്ങൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. നാലുനില കെട്ടിടം തകരാൻ കാരണം തൊട്ടടുത്ത കെട്ടിടത്തിലെ നിർമാണ പ്രവർത്തനങ്ങളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും സൂചന ലഭിച്ചതായാണ് ഡൽഹിയിലെ ജില്ലാ മജിസ്ട്രേറ്റ് അജയ് കുമാർ മാധ‍്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 3:15 ഓടെയാണ് അപകടം നടന്നത്. ഉടനെ തന്നെ അഗ്നിശമന സേനയുടെ നാലു വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെടുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.