അശുതോഷ് റങ്ക, സൗരവ് ദാസ്
ന്യൂഡൽഹി: പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെതിരേ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ബുധനാഴ്ച അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചു.
ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച മറ്റൊരു ഹർജിയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പരിഗണിക്കും. സമാധാനം നിലനിർത്തുന്നതിനായി പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ബോണ്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്റ്റോബർ 17ന് ഡൽഹി പൊലീസ് നൽകിയ നോട്ടീസിനെതിരെയാണ് നേഹയുടെ ഹർജി.
ഒക്റ്റോബർ 19ന് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെയാണ് ഇരുവരും ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) 126-ാം വകുപ്പ് പ്രകാരമാണ് നേഹയ്ക്ക് നോട്ടീസ് നൽകിയത്. ഒക്റ്റോബർ 19ന് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനും സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ആൾ ജാമ്യവും നൽകാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. സിജെപിയുടെ 'ലഹ്റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഒക്റ്റോബർ 16നാണ് നേഹയെ കരുതൽ തടങ്കലിലാക്കിയത്. ഒക്റ്റോബർ 17ന് വിട്ടയച്ചു.
നേരത്തേ പ്രതിഷേധ വേദിയായി നിശ്ചയിച്ചിരുന്ന ജന്തർ മന്തറിനെ പിന്നീട് ആ പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇവിടെ പ്രവേശിക്കാൻ പൂട്ടിയ ഗേറ്റ് ചാടിക്കടന്നുവെന്ന ആരോപണത്തെ തുടർന്ന് ഒക്റ്റോബർ 13നാണ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തിങ്കളാഴ്ച മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ ഇരുവരെയും ഹാജരാക്കിയപ്പോൾ ഒക്റ്റോബർ 21 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ ഉത്തരവിട്ടു.
സിജെപിയുടെ രണ്ട് സഹ കൺവീനർമാരാണ് സൗരവ് ദൗസും അശുതോഷ് റങ്കയും. കേസിൽ ജാമ്യ നടപടികൾ മനഃപൂർവം വൈകിപ്പിച്ച് പാർട്ടിയുടെ സഹ കൺവീനർമാരുടെ മോചനം തടയുകയാണെന്നാണ് സിജെപിയുടെ ആരോപണം.