ഡൽഹി പൊലീസ്

 
India

മിനിമം താങ്ങുവില കൊള്ള അവസാനിപ്പിക്കണം, ജ്ഞാനേഷ് കുമാറിനെ നീക്കണം; സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധ മാർച്ചിന് അനുമതിയില്ല

സംയുക്ത കിസാൻ മോർച്ച കാളി ബാരിയിൽ നിന്നും ജന്തർമന്തറിലേക്കാണ് പ്രതിഷേധ മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്

Aswin AM

ന‍്യൂഡൽഹി: രാജ‍്യത്ത് കർഷക പ്രക്ഷോഭം ആരംഭിച്ച് 6 വർ‌ഷം പൂർത്തിയാകുന്ന വേളയിൽ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) കാളി ബാരിയിൽ നിന്നും ജന്തർമന്തറിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ചിന് അനുമതി നൽകിയില്ല. ഡൽഹി പൊലീസാണ് അനുമതി നിഷേധിച്ചത്.

ജില്ലയിൽ നിലവിൽ ഭാരതീയ ന‍്യായ സംഹിതയിലെ സെഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ട്. അതിനാൽ അനുമതിയില്ലാതെ ഒത്തുച്ചേരൽ, ആഘോഷങ്ങൾ, പ്രസംഗങ്ങൾ, മുദ്രാവാക‍്യം വിളിക്കൽ എന്നിവയ്ക്ക് നിരോധനമുണ്ട്.

സംയുക്ത കിസാൻ മോർച്ച പ്രതിഷേധം നടത്താൻ അനുമതി തേടി അപേക്ഷ നൽകിയിട്ടില്ലെന്ന് ന‍്യൂഡൽഹി ഡിസിപി സച്ചിൻ ശർമ പറഞ്ഞു. നിരോധനാജ്ഞ പാലിക്കണമെന്നും പൊലീസുമായി സഹകരിക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മിനിമം താങ്ങുവില കൊള്ള അവസാനിപ്പിക്കുക, ഇന്ത‍്യ- യുഎസ് വ‍്യാപാര കരാറിനെ എതിർക്കുക, എസ്ഐആർ നടപടി റദ്ദാക്കുക, മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ നീക്കം ചെയ്യുക എന്നിവയാണ് തങ്ങളുടെ നിലവിലെ ആവശ‍്യമെന്ന് എസ്കെഎം അറിയിച്ചു. മന്ദിർ മാർഗിലെ കാളി ബാരിയിൽ ഉച്ചയ്ക്ക് ഒരുമണിയോടെ പ്രതിഷേധം ആരംഭിക്കുമെന്ന് എസ്കെഎം വ‍്യക്തമാക്കി.