പിണറായി വിജയൻ

 
India

എട്ട് മണിക്കൂർ നീണ്ട കസ്റ്റഡി; മൂന്നര മണിക്കൂർ ഡൽഹിയിൽ വട്ടം കറക്കി, അവസാനം പിണറായി വിജയന് മോചനം

ഡൽഹി പൊലീസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി രൂക്ഷ വിമ‍ർശനം നടത്തി

Manju Soman

ന്യൂഡൽഹി: കസ്റ്റഡിയിലെടുത്ത് എട്ട് മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ മോചിപ്പിച്ചു. മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പിണറായിയെ വിട്ടയച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് പിണറായി വിജയൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ പത്തരയ്ക്കാണ് പിണറായിയെ കസ്റ്റഡിയിലെടുത്തതാണ്. തുടർന്ന് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ഡൽഹി പൊലീസ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഡൽഹി പൊലീസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി രൂക്ഷ വിമ‍ർശനം നടത്തി. പൊലീസിന്‍റേത് വിചിത്രമായ നടപടിയായിരുന്നു എന്നാണ് പിണറായി പറഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടതെങ്കിൽ ഇന്ന് മാനസികമായി തളർത്താനാണ് ശ്രമിച്ചത്. എന്നാൽ അങ്ങനെ തളർന്നു പോകുന്നവരല്ല തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ജനാധിപത്യ നിഷേധത്തിനെതിരെയുള്ള വികാരം രാജ്യത്ത് പൊതുവെ ശക്തിപ്പെട്ടുവരുന്നു എന്നാണ് കാണാൻ സാധിക്കുന്നത്. അതിൽ ഈ തരത്തിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. തുടർന്നുള്ള നാളുകളിൽ പ്രക്ഷോഭം ശക്തമായി, കൂടുതൽ കരുത്തോടെ വളർന്നുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് നടപടികൊണ്ട് പ്രക്ഷോഭം തളർന്നുപോകില്ല. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും. അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടത്. എന്നാൽ ഇന്ന് തങ്ങളെ മാനസികമായി തളർത്താനാണ് ശ്രമിച്ചത്. എന്നാൽ അങ്ങനെ തളർന്നുപോകുന്നവരല്ല ഞങ്ങളാരും.' -പിണറായി വിജയൻ പറഞ്ഞു.