കെ.സി. വേണുഗോപാൽ
File image
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് ലഭിക്കുന്ന ജനപിന്തുണ കണ്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സമചിത്തത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ വേണുഗോപാൽ പറഞ്ഞു.
പ്രതിഷേധിക്കുന്നവരെ അരാജകവാദികളെന്നും സമരം പാർലമെന്‍റിനെ അപമാനിക്കുന്നതാണെന്നും വിശേഷിപ്പിക്കുന്നത് ഇതിന്‍റെ ഭാഗമായാണ്. പ്രതിഷേധം അവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. ജ്ഞാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റാലിയുമായി സഹകരിക്കുന്നതാണ് പൊലീസിനും നല്ലതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരനും ജ്ഞാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. അദ്ദേഹം രാജിവയ്ക്കുന്നതുവരെ ഇന്ത്യാ സഖ്യത്തിന്‍റെ പ്രതിഷേധം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.