ഡൽഹിയിലെ പ്രതിഷേധം: ജമ്മു ഡിവിഷനിൽ നിന്നുള്ള നാല് ട്രെയ്നുകൾ റദ്ദാക്കി

 
India

ഡൽഹിയിലെ പ്രതിഷേധം; ജമ്മു ഡിവിഷനിൽ നിന്നുള്ള നാല് ട്രെയ്നുകൾ റദ്ദാക്കി

സൂപ്പർഫാസ്റ്റ്, രാജധാനി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയ്നുകളാണ് റദ്ദാക്കിയത്.

Sarath Nath MS

ജമ്മു: ഒക്റ്റോബർ 10ന് ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ജമ്മു റെയ്ൽവേ ഡിവിഷനിൽ നിന്ന് ദേശീയ തലസ്ഥാനത്തേക്കുള്ള നാല് പ്രധാന ട്രെയ്നുകൾ റദ്ദാക്കി. സൂപ്പർഫാസ്റ്റ്, രാജധാനി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയ്നുകളാണ് റദ്ദാക്കിയത്. ഡൽഹി മേഖലയിലെ സ്റ്റേഷനുകളിലേക്ക് എത്തുന്ന 48 ട്രെയ്നുകൾ റദ്ദാക്കാനുള്ള നോർത്തേൺ റെയ്ൽവേയുടെ തീരുമാനത്തിന്‍റെ ഭാഗമായാണിത്.

ജമ്മു താവി-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (12426), ശ്രീ മാതാ വൈഷ്ണോദേവി കത്രയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള 12446, 04082, 22462 നമ്പർ ട്രെയ്നുകൾ എന്നിവയാണ് റദ്ദാക്കിയത്.

ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയ്ൽവേ സ്റ്റേഷനുകൾക്ക് സമീപം റോഡ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാലാണ് നടപടിയെന്ന് റെയ്ൽവേ വക്താവ് അറിയിച്ചു. എന്നാൽ, ശനിയാഴ്ച നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവരെ തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) ആരോപിച്ചു.

യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി റെയ്ൽവേ സ്റ്റേഷനുകളിൽ പ്രത്യേക സഹായകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളെ അറിയിക്കുന്നതിനായി അനൗൺസ്‌മെന്‍റ് സംവിധാനവും ഏർപ്പെടുത്തി. ട്രെയ്നുകളുടെ തത്സമയ വിവരങ്ങൾക്കായി റെയ്ൽവേ ഹെൽപ്‌ലൈൻ നമ്പറായ 139 ഉപയോഗിക്കണമെന്നും എൻടിഇഎസ് മൊബൈൽ ആപ്ലിക്കേഷൻ പരിശോധിക്കണമെന്നും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ സിജെപി ഒക്റ്റോബർ 10ന് ജന്തർ മന്തറിൽ സമരം നടത്താനിരിക്കെയാണ് ട്രെയ്നുകൾ റദ്ദാക്കിയത്.