ഷർജീൽ ഇമാം

 
India

ഡൽഹി കലാപ കേസ്; ഷർജീൽ ഇമാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം

ഒക്റ്റോബർ നാല് മുതൽ 10 വരെ ഏഴ് ദിവസത്തേക്കാണ് ജാമ്യം

Sarath Nath MS

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർഥി പ്രവർത്തകൻ ഷർജീൽ ഇമാമിന് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒക്റ്റോബർ നാല് മുതൽ 10 വരെ ഏഴ് ദിവസത്തേക്കാണ് ജാമ്യം. ബന്ധുക്കളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

ഡൽഹിയിലും ബിഹാറിലുമായി നടക്കുന്ന രണ്ട് ബന്ധുക്കളുടെ വിവാഹങ്ങളിൽ പങ്കെടുക്കുന്നതിനാണ് ഷർജീൽ ഇടക്കാല ജാമ്യം തേടിയത്. അഡീഷനൽ സെഷൻസ് ജഡ്ജി സമീർ ബജ്‌പായ് ആണ് അപേക്ഷ പരിഗണിച്ച് ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യത്തിനായി ഷർജീൽ നൽകുന്ന രണ്ടാമത്തെ അപേക്ഷയാണിതെന്നും അടുത്ത ബന്ധുക്കളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇത് പരിഗണിച്ചാണ് ഇളവ് അനുവദിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ഒരു ആൾ ജാമ്യവും സമർപ്പിക്കണം.

ഷർജീലിന്‍റെ ബന്ധുക്കളായ ഡാനിഷ് ഇമാമിന്‍റെയും ഫഹദ് ഇമാമിന്‍റെയും വിവാഹം യഥാക്രമം ഒക്റ്റോബർ നാലിന് ഡൽഹിയിലും ഏഴിന് ബിഹാറിലെ സസാറാമിലുമാണ് നടക്കുക.

അതേസമയം ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അനിരുദ്ധ് മിശ്ര ജാമ്യാപേക്ഷയെ എതിർത്തു. ഷർജീലിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും സ്ഥിരം ജാമ്യാപേക്ഷകൾ പലതവണ തള്ളിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. വിവാഹങ്ങളിൽ ഷർജീലിന്‍റെ സാന്നിധ്യം അനിവാര്യമല്ലെന്നും നിരവധി ബന്ധുക്കളുടെ വിവാഹങ്ങളുടെ പേരിൽ തുടർച്ചയായി ഇടക്കാല ജാമ്യം തേടാൻ കഴിയുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ കോടതി പരിഗണിച്ചില്ല. ഇടക്കാല ജാമ്യ കാലയളവിൽ കേസുമായി ബന്ധപ്പെട്ട സാക്ഷികളുമായോ മറ്റേതെങ്കിലും വ്യക്തികളുമായോ ബന്ധപ്പെടരുതെന്ന് കോടതി ഷർജീലിന് നിർദേശം നൽകി. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും മാധ്യമപ്രവർത്തകരുമായി ബന്ധപ്പെടുന്നതിനും വിലക്കേർപ്പെടുത്തി.

കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി മാത്രമേ കൂടിക്കാഴ്ച നടത്താവൂ. വിവാഹചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലും അതിഥികൾക്കായി താമസം ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിലും മാത്രമേ കഴിയാവൂ എന്നും കോടതി നിർദേശിച്ചു.

2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഷർജീലിനെതിരേ കേസെടുത്തത്.

നാഷണൽ ഹെറാൾഡ് കേസ്; ഇഡി ഹർജിയിൽ വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി

കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളി പ്രമേയം പാസാക്കി കർണാടക നിയമസഭ; റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

വിദ്യാർഥിയുടെ മരണം; ഹോസ്റ്റൽ മുറികളിൽ നിന്ന് സീലിങ് ഫാനുകൾ നീക്കംചെയ്ത് ഐഐടി ബോംബേ

മുട്ടയെറിഞ്ഞത് പൊലീസിന്‍റെ സാന്നിധ്യത്തിൽ; മഹുവ ഹൈക്കോടതിയിൽ

വൈദ്യുതി പ്രതിസന്ധി; മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നതടക്കമുള്ള സാധ്യതകൾ തേടുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്