ഡൽഹി കലാപം; എസ്ഐടി രൂപീകരിക്കണമെന്ന ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: 2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിലും 2019ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ഉണ്ടായ അക്രമത്തിലും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ വിവേക് ചൗധരി, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഹർജികൾ തള്ളിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.
വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികളിൽ പ്രത്യേക അന്വേഷണ സംഘം, അന്വേഷണ കമ്മിഷൻ, വസ്തുതാന്വേഷണ സമിതി എന്നിവ രൂപീകരിക്കണമെന്ന ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരുന്നത്. പരുക്കേറ്റവർക്ക് ചികിത്സ, നഷ്ടപരിഹാരം നൽകൽ, വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യൽ തുടങ്ങിയ ആവശ്യങ്ങളും ഹർജികളിലുണ്ടായിരുന്നു. കലാപത്തിന് മുൻപ് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ച് ചില രാഷ്ട്രീയ നേതാക്കൾക്കെതിരേ കേസെടുക്കണമെന്നും ചില ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
2020 ഫെബ്രുവരി 24ന് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. 53 പേർ കൊല്ലപ്പെടുകയും 700ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കലാപത്തിൽ സ്വതന്ത്ര അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ജമിയത്ത് ഉലമ-ഇ-ഹിന്ദും ഹർജി നൽകിയിരുന്നു.
അക്രമത്തിന് മുൻപ് വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, കപിൽ മിശ്ര, പർവേഷ് വർമ, അഭയ് വർമ എന്നിവർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഷെയ്ഖ് മുജ്തബ ഫാറൂഖിന്‍റെ പൊതുതാൽപര്യ ഹർജിയിലെ ആവശ്യം.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ, എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഒവൈസി, മുൻ എഐഎംഐഎം എംഎൽഎ വാരിസ് പത്താൻ തുടങ്ങിയവർക്കെതിരെയും പൊലീസ് നടപടി ആവശ്യപ്പെട്ട് ലോയേഴ്‌സ് വോയ്സ് എന്ന ഹർജിക്കാരും രംഗത്തെത്തിയിരുന്നു.
ക്രൈം ബ്രാഞ്ചിന് കീഴിൽ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ നേരത്തെ തന്നെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് കലാപത്തിൽ പങ്കുണ്ടെന്നോ രാഷ്ട്രീയ നേതാക്കൾ അക്രമത്തിന് പ്രേരിപ്പിക്കുകയോ പങ്കാളികളാകുകയോ ചെയ്തെന്നോ തെളിയിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ജാമിയ മിലിയ ഇസ്ലാമിയയിൽ 2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടതാണ് മറ്റു ഹർജികൾ. അഭിഭാഷകർ, ജാമിയ വിദ്യാർഥികൾ, സർവകലാശാല സ്ഥിതി ചെയ്യുന്ന തെക്കൻ ഡൽഹിയിലെ ഒഖ്‌ല നിവാസികൾ, പാർലമെന്‍റിന് എതിർവശത്തെ ജുമാ മസ്ജിദ് ഇമാം എന്നിവർ ഹർജിക്കാരിൽ ഉൾപ്പെടുന്നു.
വിദ്യാർഥികൾക്കെതിരേ പൊലീസ് നടത്തിയെന്ന് ആരോപിക്കുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ പൊലീസിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും സ്വതന്ത്രമായ പ്രത്യേക അന്വേഷണ സംഘം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.