ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച

 
India

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച: എബിവിപി, എൻഎസ്‌യുഐ, ഇടത് സഖ്യം നേർക്കുനേർ

സെപ്റ്റംബർ 19ന് നോർത്ത് ക്യാമ്പസിലെ യൂണിവേഴ്സിറ്റി സ്പോർട്സ് സ്റ്റേഡിയത്തിലെ മൾട്ടിപർപ്പസ് ഹാളിലാണ് വോട്ടെണ്ണൽ നടക്കുക

Sarath Nath MS

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ (ഡിഎസ്‌യു) തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. പ്രധാന വിദ്യാർഥി സംഘടനകളായ എബിവിപി, എൻഎസ്‌യുഐ, എഐഎസ്എ-എസ്എഫ്ഐ സഖ്യം എന്നിവർ തമ്മിലാണ് പോരാട്ടം.

പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നീ നാല് കേന്ദ്ര പാനൽ സ്ഥാനങ്ങളിലേക്കാണ് പ്രധാനമായും മത്സരം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഛാത്ര മാർഗ്, പ്രോബിൻ റോഡ്, യൂണിവേഴ്സിറ്റി റോഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന പാതകളിൽ വാഹന ഗതാഗതത്തിന് സർവകലാശാല നിയന്ത്രണം ഏർപ്പെടുത്തി. ക്ലാസ് മുറികളിലും കോളെജ് ക്യാമ്പസുകളിലും സമൂഹ മാധ്യമങ്ങളിലുമാണ് വിദ്യാർഥി സംഘടനകൾ പ്രചാരണം നടത്തുന്നത്. സർവകലാശാല പുറത്തിറക്കിയ നിർദേശപ്രകാരം ഫലം പ്രഖ്യാപിക്കുന്നതുവരെ ഗതാഗത നിയന്ത്രണം തുടരും.

2025ലെ തെരഞ്ഞെടുപ്പിൽ നാല് കേന്ദ്ര പാനൽ സ്ഥാനങ്ങളിൽ മൂന്നും എബിവിപി നേടിയിരുന്നു. പ്രസിഡന്‍റ് സ്ഥാനവും എബിവിപിക്കായിരുന്നു. വൈസ് പ്രസിഡന്‍റ് സ്ഥാനം എൻഎസ്‌യുഐ നേടി.

സ്ഥാനാർഥികൾ

ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് യഷ് ദബാസ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇഷു മൗര്യ, സെക്രട്ടറി സ്ഥാനത്തേക്ക് റിയ ഛാവഡി, ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് ലക്ഷ്യ രാജ് സിങ് എന്നിവരെയാണ് എബിവിപി രംഗത്തിറക്കിയിരിക്കുന്നത്.

ഡൽഹിയിലെ കാഞ്ജാവാല സ്വദേശിയായ ദബാസ് ബുദ്ധിസ്റ്റ് സ്റ്റഡീസ് വിഭാഗത്തിലെ വിദ്യാർഥിയാണ്. അന്താരാഷ്ട്ര തലത്തിൽ ടെന്നിസിലും മത്സരിച്ചിട്ടുള്ള അദ്ദേഹം സ്പെയ്ൻ, ഓസ്‌ട്രേലിയ, സെർബിയ എന്നിവിടങ്ങളിൽ ഐടിഎഫ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

ക്യാമ്പസ് ലോ സെന്‍ററിലെ നിയമ വിദ്യാർഥിയായ മൗര്യ 2021 മുതൽ എബിവിപിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. ശ്രീ അരബിന്ദോ കോളജിലെ നാലാം വർഷ ബിഎ പ്രോഗ്രാം വിദ്യാർഥിയായ ഛാവഡി അന്തർകോളജ് ബാസ്കറ്റ്ബോൾ താരമാണ്. ക്യാമ്പസ് ലോ സെന്‍ററിൽ നിയമപഠനം നടത്തുന്ന ലക്ഷ്യ രാജ് സിങ് ഏഷ്യൻ ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും ഇന്ത്യയ്ക്കായി ഹാൻഡ്‌ബോൾ കളിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു.

എൻഎസ്‌യുഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയ് ശങ്കർ മീന, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീർ ചത്രത്ത്, സെക്രട്ടറി സ്ഥാനത്തേക്ക് നമ്രത ചൗധരി, ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് ഗോപാൽ ചൗധരി എന്നിവരെ നാമനിർദേശം ചെയ്തു.

എഐഎസ്എ-എസ്എഫ്ഐ സഖ്യം പ്രസിഡന്‍റ് സ്ഥാനത്തേക്ക് അനന്യ റാത്തുരി, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അക്ഷത് ശിഖർ, സെക്രട്ടറി സ്ഥാനത്തേക്ക് സ്റ്റാൻസിൻ ഡെസ്ക്യോങ്, ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് ബി. പരിജാത് എന്നിവരെ സ്ഥാനാർഥികളാക്കി.

സെപ്റ്റംബർ 18ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക്ശേഷം മൂന്ന് മുതൽ രാത്രി 7.30 വരെയുമാണ് വോട്ടെടുപ്പ്. സെപ്റ്റംബർ 19ന് നോർത്ത് ക്യാമ്പസിലെ യൂണിവേഴ്സിറ്റി സ്പോർട്സ് സ്റ്റേഡിയത്തിലെ മൾട്ടിപർപ്പസ് ഹാളിലാണ് വോട്ടെണ്ണൽ നടക്കുക.

കോലിക്ക് ശേഷം മൂന്നാം നമ്പറിൽ ചെന്നൈ സൂപ്പർ കിങ്സ് താരം; പുതിയ പ്ലാനുമായി ബിസിസിഐ

പ്രീതി സിന്‍റ മുതൽ പ്രിയദർശൻ വരെ; കേന്ദ്ര സെൻസർ ബോർഡിലെ പുതിയ 18 അംഗങ്ങൾ ആരൊക്കെ എന്നറിയാം

"നിങ്ങൾ ആരാണ്? പൊലീസിന് എവിടെയും കയറാം": റിപ്പോർട്ടർ ചാനലിലെ റെയ്ഡിൽ സുരേഷ് ഗോപി

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്, 30 ലക്ഷം രൂപ പിഴ

76ാം വയസിലും ഫിറ്റായി തുടരാൻ സഹായിക്കുന്ന മോദിയുടെ ഭക്ഷണശീലം; മുരിങ്ങയില പറോട്ട മുതൽ കർശന ഉപവാസം വരെ