ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മണ്ഡല പുനർനിർണയ ബില്ലിൽ അനുനയത്തിനായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെയും എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെയും കാണാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഞായറാഴ്ച ചെന്നൈയിൽ സ്റ്റാലിനെയും മുംബൈയിൽ ശരദ് പവാറിനെയും ഖാർഗെ കാണുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽ ഉച്ചയ്ക്ക് രണ്ടിനും മുംബൈയിൽ രാത്രി എട്ടിനുമാണ് കൂടിക്കാഴ്ച.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും കൂടിക്കാഴ്ചകളിൽ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും സ്റ്റാലിനെ കാണാൻ ചെന്നൈയ്ക്ക് പോകും. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എംഎ. ബേബി എന്നിവരും സംഘത്തിലുണ്ട്. രണ്ട് ചാർട്ടേഡ് വിമാനങ്ങളിലാണ് നേതാക്കളുടെ യാത്ര.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെടുത്താൻ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചകൾ. എന്നാൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ നേരത്തെ വ്യക്തമാക്കിയിരുന്നു. ശരദ് പവാറിന്റെ എൻസിപി (എസ്പി)യും ബില്ലിനെ പിന്തുണയ്ക്കാനാണ് സാധ്യത.
'ഇന്ത്യൻ ജനാധിപത്യം കൊലചെയ്യപ്പെടുകയാണ്, ദയവായി ഉണരൂ' എന്നായിരുന്നു ശനിയാഴ്ച രാഹുൽ ഗാന്ധി കോൺഗ്രസിന്റെ സഖ്യകക്ഷികളോടും ബിജെപിയുടെ എൻഡിഎ സഖ്യകക്ഷികളോടും ബില്ലിനെ പിന്തുണയ്ക്കുന്നവരോടും നടത്തിയ ആഹ്വാനം. ജനാധിപത്യത്തെ സംരക്ഷിക്കുന്നത് ആരാണെന്നും അല്ലാത്തത് ആരാണെന്നും വ്യക്തമാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡിഎംകെ ഉൾപ്പെടെയുള്ള ഇന്ത്യാ സഖ്യത്തിന് പുറത്തുള്ള കക്ഷികൾ ബില്ലിനെ പിന്തുണയ്ക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷിയായ എൻസിപി (എസ്പി)യും ബില്ലിനെ അനുകൂലിച്ചേക്കും. എന്നാൽ ബില്ലിനെ പിന്തുണച്ചാലും ഇന്ത്യാ സഖ്യത്തിൽ ശരദ് പവാറിന്റെ പാർട്ടിയുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
അതേസമയം, മണ്ഡല പുനർനിർണയവും വനിതാ സംവരണവും നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാർലമെന്റിൽ സംയുക്തമായി എതിർക്കാൻ ഇന്ത്യാ സഖ്യം ശനിയാഴ്ച തീരുമാനിച്ചിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ താൽപര്യങ്ങൾക്ക് ബിൽ തിരിച്ചടിയാകുമെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജ്യത്ത് അധികാരം സ്ഥിരമായി കൈക്കലാക്കാനും ജനാധിപത്യം ഇല്ലാതാക്കാനുമുള്ള ബിജെപി-ആർഎസ്എസ് നീക്കമാണിതെന്നും സഖ്യം കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലോക്സഭയിലും നിയമസഭകളിലും അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിച്ച് സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
തിങ്കളാഴ്ച ലോക്സഭയിൽ പുതിയ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നവംബർ 30ന് ലോക്സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും ചേരും. ഡിസംബർ മൂന്നിനാണ് പ്രത്യേക സമ്മേളനം അവസാനിക്കുക.
ഭരണഘടനയുടെ 132-ാം ഭേദഗതി ബിൽ 2026 പ്രകാരം ലോക്സഭയുടെ പരമാവധി അംഗസംഖ്യ 850 ആയി ഉയർത്തും. ഇതിൽ സംസ്ഥാനങ്ങളിൽനിന്ന് പരമാവധി 815 അംഗങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്ന് 35 അംഗങ്ങളുമുണ്ടാകും. സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ 500ൽനിന്ന് 650 ആയും ഉയർത്താൻ ബിൽ നിർദേശിക്കുന്നു.