ധർമസ്ഥലയിലെ സൗജന‍്യ കൊലക്കേസ്; പുനരന്വേഷണത്തിന് കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ചു
file
ന‍്യൂഡൽഹി: ധർമസ്ഥലയിലെ സൗജന‍്യ കൊലക്കേസ് പുനരന്വേഷിക്കുന്നതിനായി കർണാടക സർക്കാർ അഞ്ചംഗ പ്രത‍്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരിക്കുന്നത്.
ഇൻസ്പെക്റ്റർ ജനറൽ എൻ. ശശി കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. സുധീർ കുമാർ റെഡ്ഡി, എസ്പി നിശ ജെയിംസ്, അടക്കമുള്ളവരാണുള്ളത്. അന്വേഷണം പൂർത്തിയാകുന്ന പക്ഷം ഡിജിയും(ഡയറക്റ്റർ ജനറൽ) ഐജിപിയും( ഇൻസ്പെക്റ്റർ ജനറൽ ഓഫ് പൊലീസും) സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
കൊല്ലപ്പെട്ട സൗജന‍്യയുടെ അമ്മ കുസുമാവതി ഗൗഡ സമർപ്പിച്ച ഹർജിയിൽ സെപ്റ്റംബർ 21ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കേസിൽ പുനരന്വേഷണം നടക്കുന്നത്. ആദ‍്യം കർണാടക ക്രൈം ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റും പിന്നീട് സിബിഐയുമാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ കുറ്റകൃത‍്യത്തിന് പിന്നിലുള്ളത് ആരെന്ന് കണ്ടെത്താൻ കഴിയാതെ വന്ന സാഹചര‍്യത്തിലാണ് അവർ പുനരന്വേഷണം ആവശ‍്യപ്പെട്ടത്.
ഉജിരെയിലെ എസ്ഡിഎം കോളെജ് വിദ‍്യാർഥിനിയായ സൗജന‍്യയെ 2012 ഒക്റ്റോബർ 9ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായത്. പിറ്റേദിവസം ധർമസ്ഥലയിലെ നേത്രാവതി പുഴയ്ക്ക് സമീപമുള്ള വനമേഖലയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തിന് മുൻപ് യുവതി ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസിലെ ഏക പ്രതിയായ സന്തോഷ് റാവു ഏകദേശം ആറ് വർഷത്തോളം തടവിൽ കഴിഞ്ഞ ശേഷം 2023 ജൂണിൽ കുറ്റവിമുക്തനാക്കപ്പെട്ടു. 2024ൽ കുസുമാവതി ഗൗഡ കേസിൽ പുതിയ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും തള്ളിയ സാഹചര‍്യത്തിൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.