തമിഴ്നാട്ടിൽ 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്മെന്‍റ് നിർബന്ധം

 
India

തമിഴ്നാട്ടിൽ 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്മെന്‍റ് നിർബന്ധം; പുതിയ തീരുമാനം നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

ഡിജിറ്റൽ പേയ്മെന്‍റ് നടപ്പാക്കുന്നതിലൂടെ ഓരോ ഇടപാടിന്‍റെയും സമയവും തുകയും കൃത്യമായി രേഖപ്പെടുത്താനാകുമെന്നും അമിതവില ഈടാക്കുന്നത് തടയാനാകുമെന്നും അധികൃതർ പറഞ്ഞു

Sarath Nath MS

ചെന്നൈ: തമിഴ്നാട്ടിൽ 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്മെന്‍റ് നിർബന്ധമാക്കി സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ (ടാസ്മാക്). നവംബർ ഒന്ന് മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും.

സംസ്ഥാനത്ത് നിലവിൽ 4,048 മദ്യവിൽപനശാലകളാണ് ടാസ്മാക്കിന് കീഴിലുള്ളത്. യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ഭൂരിഭാഗം ഇടപാടുകളും പണമായാണ് നടക്കുന്നതെന്ന് ടാസ്മാക് അധികൃതർ അറിയിച്ചു.

ദിവസേന വലിയ തുക കൈകാര്യം ചെയ്യുന്നത് ജീവനക്കാർക്ക് സുരക്ഷാ പ്രശ്നങ്ങൾ, കണക്കുകളിലെ പൊരുത്തക്കേടുകൾ, കള്ളനോട്ടുകൾ സ്വീകരിക്കാനുള്ള സാധ്യത തുടങ്ങിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മദ്യത്തിന് പരമാവധി ചില്ലറ വിൽപന വിലയേക്കാൾ (എംആർപി) കൂടുതൽ തുക ഈടാക്കുന്നുവെന്ന പരാതികളും സർക്കാരിന് ലഭിച്ചിട്ടുണ്ട്.

ഡിജിറ്റൽ പേയ്മെന്‍റ് നടപ്പാക്കുന്നതിലൂടെ ഓരോ ഇടപാടിന്‍റെയും സമയവും തുകയും കൃത്യമായി രേഖപ്പെടുത്താനാകുമെന്നും അമിതവില ഈടാക്കുന്നത് തടയാനാകുമെന്നും അധികൃതർ പറഞ്ഞു. വിൽപനത്തുക ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നതിനും ഇതുവഴി സാധിക്കും.

നവംബർ ഒന്ന് മുതൽ ഒറ്റത്തവണത്തെ വാങ്ങലിന്‍റെ തുക 1,000 രൂപയിൽ കൂടുതലാണെങ്കിൽ യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ ഡിജിറ്റൽ മാർഗങ്ങളിലൂടെ മാത്രമേ പണമടയ്ക്കാനാകൂ. 1,000 രൂപ വരെയുള്ള വാങ്ങലുകൾക്ക് പണമായോ ഡിജിറ്റൽ മാർഗങ്ങളിലൂടെയോ പണമടയ്ക്കാം.

ജീവനക്കാർ വ്യക്തിഗത ക്യുആർ കോഡുകളിലൂടെയോ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലൂടെയോ പണം സ്വീകരിക്കുന്നതും ടാസ്മാക് നിരോധിച്ചിട്ടുണ്ട്. പുതിയ നിബന്ധനകൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരേ കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

എല്ലാ വിൽപനകൾക്കും ബിൽ നൽകണമെന്നും ഔദ്യോഗിക പിഒഎസ് മെഷീനിൽ ഇടപാട് സ്ഥിരീകരിച്ചശേഷം മാത്രമേ മദ്യക്കുപ്പികൾ കൈമാറാവൂ എന്നും ഔട്ട്ലെറ്റ് സൂപ്പർവൈസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പുതിയ സംവിധാനം സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കളെ അറിയിക്കാൻ എല്ലാ വിൽപനശാലകളിലും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.