അഭിജീത് ദിപ്കെ
റാഞ്ചി: ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിലും മറ്റു നിയമന ക്രമക്കേടുകളിലും പ്രതിഷേധിച്ച് ഏറെനാളുകളായി സമരം നടത്തുന്ന വിദ‍്യാർഥികൾക്കെതിരേയുണ്ടായ പൊലീസ് നടപടിയെ അപലപിച്ച് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ.
പൊലീസ് നടപടിയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ലോക് താന്ത്രിക് ക്രാന്തികാരി മോർച്ച( ജെഎൽകെഎം) നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയോട് വിഡിയോ കോളിലൂടെ സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
പൊലീസ് ലാത്തിചാർജിന് മുൻപ് മഹ്തോ 9 ദിവസത്തെ നിരാഹാര സമരത്തിലായിരുന്നുവെന്നും സംഭവത്തിനും ശേഷം അദ്ദേഹത്തിന്‍റെ ആരോഗ‍്യനില വഷളായതായും സിജെപി പറഞ്ഞു. പൊലീസ് നടപടിക്കിടെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതായും ഇതേത്തുടർന്ന് ഓക്സിജന്‍ നൽകേണ്ടതായി വന്നെന്നും സിജെപി പറഞ്ഞു. സമാധാനപരമായി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ‍്യാർഥികളെ പൊലീസ് അടിച്ചമർത്തിയെന്നും അവർ പറഞ്ഞു.
വിഡിയോ കോളിനിടെ മഹ്തോ പൊലീസ് നടപടിയും തന്നെ ആശുപത്രിയിലേക്ക് നയിച്ച സാഹചര‍്യവും വ‍്യക്തമാക്കിയെന്ന് സിജെപി പ്രസ്താവനയിലൂടെ അറിയിച്ചു. ന‍്യൂഡൽഹിയിലെ ജന്തർ മന്തറായാലും ഝാർഖണ്ഡിലെ തെരുവുകളായാലും വിദ‍്യാർഥികൾക്കെതിരേയുള്ള ഇത്തരത്തിലുള്ള ക്രൂരമായ പൊലീസ് നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും മനുഷ‍്യത്വരഹിതവും ക്രൂരവുമാണിതെന്നും അഭിജീത് ദിപ്കെ പറഞ്ഞു.
വിദ‍്യാർഥി പ്രക്ഷോഭത്തിനു വേണ്ടി ജീവൻ പണയപ്പെടുത്തുന്ന യഥാർഥ നായകനാണ് ദേവേന്ദ്ര ഭായ്. അദ്ദേഹത്തിന്‍റെ നീതിപൂർവമായ പോരാട്ടത്തിൽ സിജെപി ഉറച്ചുനിൽക്കുന്നു. അഭിജീത് പറഞ്ഞു. പൊലീസ് നടപടിയിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് സിജെപിയുടെ ആവശ‍്യം. ലാത്തി ചാർജിന് ഉത്തരവിട്ട അധികാരികൾ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സിജെപി ആവശ‍്യപ്പെട്ടു. ബലപ്രയോഗത്തിലൂടെ വിദ‍്യാർഥി-യുവജന പ്രസ്ഥാനങ്ങളെ നിശബ്ദമാക്കാൻ സാധിക്കില്ലെന്നും സിജെപി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ത്രിവർണ പതാകകളും ആവശ്യങ്ങളടങ്ങിയ പ്ലക്കാർഡുകളും കൈയിലേന്തി മുദ്രാവാക്യങ്ങളും മുഴക്കി പ്രതിഷേധക്കാർ ഝാർഖണ്ഡ് നിയമസഭയ്ക്ക് സമീപം പ്രതിഷേധം നടത്തിയത്. സ്ത്രീകൾ അടക്കം നിരവധി പേർക്കും 4 പൊലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റിരുന്നു.
പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കികളും കണ്ണീർ വാതകവും പ്രയോഗിക്കുകയായിരുന്നു. വിധാൻ സഭയ്ക്ക് സമീപമുള്ള ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ കുത്തിയിരുപ്പ് സമരം നടത്തുകയും പിരിഞ്ഞുപോകാൻ തയാറാകാത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ക്രമക്കേടുകൾ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിരമിച്ച ജഡ്ജിമാരുടെ സ്വതന്ത്ര സമിതിയോ സിബിഐയോ അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ടാണ് വിദ‍്യാർഥികൾ സമരം നടത്തുന്നത്. 13 പരീക്ഷകളിൽ മൂന്ന് എണ്ണം മാത്രമെ റദ്ദാക്കാൻ സർക്കാർ സമ്മതിച്ചിട്ടുള്ളൂവെന്നാണ് ഇവർ പറയുന്നത്.